കാസർകോട്: കർണാടകയിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് എത്തുന്ന പാലിന്റെ ഗുണനിലവാരം സംബന്ധിച്ച് ആശങ്ക. കൊല്ലം, ആര്യങ്കാവ്, പാലക്കാട്, മീനാക്ഷീപുരം ചെക്ക്‌പോസ്റ്റിൽ മാത്രമാണ് നിലവിൽ പാൽ ഗുണനിലവാര പരിശോധന സംവിധാനം 24 മണിക്കൂറും ഉള്ളത്. ബാക്കി ജില്ലകളിൽ പാലിന്റെ ഗുണനിലവാരം, ജില്ലാ ഗുണനിയന്ത്രണ ലാബുകളിൽ പരിശോധിക്കണമെന്നാണ് ചട്ടം. എന്നാൽ, ഇത്തരം പരിശോധനകൾ ഒരു ജില്ലയിലും നടക്കുന്നില്ല.
ഗുണനിലവാരത്തിൽ സംശയം തോന്നുന്ന പാലിന്റെ സാമ്പിൾ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളിൽ പ്രവർത്തിക്കുന്ന ജില്ലാതല ലാബുകളിൽ എത്തിക്കുകയും പരിശോധിക്കുകയും വേണം. എന്നാൽ, മാർക്കറ്റിൽ പാൽ വിറ്റഴിച്ച ശേഷം മാത്രമാണ് സംശയം തോന്നുന്നവർ പാൽ പരിശോധിക്കാനായി എത്തുന്നത്.
കണക്കില്ലാതെയാണ് 15000 മുതൽ 20,000 ലിറ്റർ വരെ പാലുമായി ടാങ്കർ ലോറികൾ അതിർത്തി കടന്ന് കേരളത്തിലേക്ക് എത്തുന്നത്. ഇതര വിൽപ്പന കൂടാതെ, സംസ്ഥാനത്തെ വിവിധ പാൽ വിതരണ കമ്പനികളും അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള പാൽ ഉപയോഗിക്കുന്നുണ്ട്. കൊഴുപ്പ് കൂടിയ പാൽ ആയതുകൊണ്ടാണ് പാൽ കമ്പനികൾക്ക് ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്ന പാലിനോട് പ്രിയക്കൂടുതൽ. ഓണക്കാലത്ത് സാധാരണ സമയങ്ങളേക്കാൾ അഞ്ചും ആറും ഇരട്ടി പാൽ ആണ് സംസ്ഥാനത്ത് എത്താറുള്ളത്.
2022ൽ ഇടുക്കിയിൽ നടത്തിയ പരിശോധനയിൽ തമിഴ്‌നാട്ടിൽ നിന്നും വന്ന 12750 ലിറ്ററ പാലിൽ യൂറിയ കണ്ടെത്തിയിരുന്നു. കൊഴുപ്പ് വർദ്ധിപ്പിക്കാനായാണ് പാലിൽ മായം ചേർക്കുന്നത്. പാലിലെ കൊഴുപ്പ് കൂട്ടുന്നതിന് വലിയ തോതിൽ പാം ഓയിൽ ചേർക്കുന്നു. പാമോയിലിൽ പാലിലെ കൊഴുപ്പുമായി വളരെ സാമ്യമുള്ള ഫാറ്റി ആസിഡ് പ്രൊഫൈൽ ഉള്ളതുകൊണ്ടാണ് വലിയ തോതിൽ പാം ഓയിൽ ചേർക്കുന്നത്.
Discussion about this post