ചെന്നൈ : ടിവികെ ഇനി തിരഞ്ഞെടുപ്പ് രാഷട്രീയത്തിലേക്കെന്ന് വിജയ്. തമിഴ് സൂപ്പർ താരം വിജയുടെ രാഷ്ട്രീയ പാർട്ടി ടിവികെയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം ലഭിച്ചു. ഇതിന് പിന്നാലെയാണ് പ്രതികരണമായി വിജയ് മുന്നോട്ട് വന്നത്.
ആദ്യ വാതിൽ തുറന്നിരിക്കുന്നു. പാർട്ടിയുടെ ആദ്യ സമ്മേളനം ഉടൻ തന്നെ പ്രഖ്യാപിക്കും. എല്ലാവരും സമന്മാരെന്ന തത്വത്തിൽ മുന്നോട്ട് പോകുമെന്ന് വിജയ് പറഞ്ഞു.
പോലീസ് അനുമതി കിട്ടാത്തതിനാലാണ് ടിവികെയുടെ സംസ്ഥാന സമ്മേളനം വൈകുന്നത്. സമ്മേളനം നടത്താൻ അനുമതി തേടി ടിവികെ നൽകിയ കത്ത് പോലീസ് പല തരത്തിലുള്ള ചോദ്യങ്ങൾ ഉന്നയിച്ച് തീരുമാനമെടുക്കാതെ വെച്ചിരിക്കുകയാണ് എന്ന് വിജയ് നേരത്തെ ആരോപിച്ചിരുന്നു. ഡിഎംകെ സഖ്യകക്ഷിയും പ്രമുഖ ദളിത് പാർട്ടിയുമായ വിടുതലൈ ചിരുത്തൈകൾ കച്ചി നേതാവ് തിരുമാളവൻ ടിവികെയ്ക്ക് ആശംസയറിയിച്ച് രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയിലാണ് വിജയ് തമിഴക വെട്രി കഴകമെന്ന പാർട്ടി പ്രഖ്യാപിച്ചത്. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും സംസ്ഥാനത്തെ ജനങ്ങൾ ആഗ്രഹിക്കുന്ന രാഷ്ട്രീയ മാറ്റം കൊണ്ടുവരുമെന്നും രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തിനു പിന്നാലെ വിജയ് പ്രസ്താവനയിറക്കിയിരുന്നു.
Discussion about this post