ഇടയ്ക്കിടെ ഉണ്ടാകുന്ന തലവേദന, കണ്ണിനുണ്ടാകുന്ന കാഴ്ച പ്രശ്നങ്ങൾ എന്നിവ മൂലം ബുദ്ധിമുട്ട് അനുഭവിക്കാറുണ്ടോ? ഇക്കാര്യം നിസ്സാരമായി കാണരുത് എന്നാണ് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. അടിക്കടി ഉണ്ടാകുന്ന തലവേദനയോടൊപ്പം നടക്കുമ്പോൾ ബാലൻസ് നഷ്ടപ്പെടൽ, സംസാരത്തിൽ അവ്യക്തത ഉണ്ടാകൽ ഇനി ലക്ഷണങ്ങൾ കൂടി ഉണ്ടെങ്കിൽ ഏറെ കരുതൽ വേണമെന്നും ഡോക്ടർമാർ അറിയിക്കുന്നു. ഇവ പലപ്പോഴും ബ്രെയിൻ ട്യൂമറിന്റെ ലക്ഷണങ്ങൾ ആകാമെന്നാണ് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നത്.
തലച്ചോറിനുള്ളിൽ അസാധാരണമായ കോശങ്ങൾ രൂപപ്പെടുമ്പോഴാണ് ബ്രെയിൻ ട്യൂമർ ഉണ്ടാകുന്നത്. ബ്രെയിൻ ട്യൂമറിന്റെ രോഗലക്ഷണങ്ങൾ ഓരോ വ്യക്തികളെയും അവസ്ഥകളെയും ആശ്രയിച്ച് പലതരത്തിലുള്ളവ ആയിരിക്കും എന്നതിനാൽ പലപ്പോഴും ഈ രോഗം കണ്ടെത്താൻ വൈകാറുണ്ട്. മുഴകൾ തലച്ചോറിന്റെ ഏതു ഭാഗത്തു പ്രത്യക്ഷപ്പെടുന്നു, ഏതു പ്രായത്തിൽ പ്രത്യക്ഷപ്പെടുന്നു, അവ എത്ര പെട്ടെന്നു വളരുന്നു തുടങ്ങിയ കാര്യങ്ങൾ അനുസരിച്ചാണ് രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാറുള്ളത്.
ട്യൂമറിൻ്റെ വലിപ്പവും ഉൾപ്പെട്ടിരിക്കുന്ന തലച്ചോറിൻ്റെ ഭാഗവും അനുസരിച്ച് രോഗികളിൽ ലക്ഷണങ്ങൾ വ്യത്യസ്തമായിരിക്കും. തലവേദന , അപസ്മാരം , കാഴ്ചയിലെ പ്രശ്നങ്ങൾ , ഛർദ്ദി , മാനസിക മാറ്റങ്ങൾ, ബോധം നഷ്ടപ്പെടൽ എന്നിവയെല്ലാം ലക്ഷണങ്ങളായി കാണാറുണ്ട്. നമ്മുടെ ശരീരത്തിന്റെ പല പ്രവർത്തനങ്ങളെയും സ്വാധീനിക്കുന്നത് തലച്ചോറിന്റെ വിവിധ ഭാഗങ്ങളാണ്. അതിനാൽ തന്നെ തലച്ചോറിന്റെ ഏത് ഭാഗത്താണ് മുഴകൾ ഉണ്ടാകുന്നത് എന്നതിനനുസരിച്ച് ആ ഭാഗവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങളിൽ വ്യത്യാസം നേരിടാം. കേൾവി ശക്തിയിൽ കുറവു വരുക, കാഴ്ച ശക്തിയിൽ മാറ്റങ്ങൾ വരുക, നടക്കുമ്പോൾ ബാലൻസ് നഷ്ടപ്പെടുക, കൈയ്ക്കും കാലിനും ശക്തി കുറവ്, മുഖം കോടിപ്പോവുക, കടുത്ത തലവേദന, മരവിപ്പ്, വിഴുങ്ങാൻ പ്രയാസം, പെരുമാറ്റത്തിൽ വ്യത്യാസം, അപസ്മാരം, മറവിരോഗം എന്നിങ്ങനെയുള്ള പല പ്രശ്നങ്ങളും തലയിലെ മുഴകളുടെ രോഗലക്ഷണങ്ങളിൽ പെടുന്നവയാണ്.
തലച്ചോറിൽ ഉണ്ടാകുന്ന എല്ലാ മുഴകളും അപകടകാരികളല്ല. പലപ്പോഴും യാതൊരു രോഗലക്ഷണവും ഉണ്ടാക്കാത്ത ഉപദ്രവകാരികളല്ലാത്ത മുഴകളും തലച്ചോറിൽ ഉണ്ടാകുന്നതാണ്. എന്നാൽ അപകടകാരികളായ മുഴകൾ മാസങ്ങൾ കൊണ്ട് തന്നെ വളർന്ന് രോഗിയെ മരണത്തിലേക്ക് തള്ളി വിടാറുണ്ട്. ഇത്തരത്തിലുള്ള മുഴകൾ വളരുന്നതിനനുസരിച്ച് അവയ്ക്ക് ചുറ്റുമുള്ള തലച്ചോറിന്റെ കോശങ്ങളെ നശിപ്പിക്കുന്നു. ഇത് ശരീരത്തിന്റെ പല പ്രവർത്തനങ്ങളെയും ബാധിക്കുന്നു. അതിനാൽ തലച്ചോറിലെ മുഴകളുടെ ലക്ഷണങ്ങൾ നിസ്സാരമാക്കാതെ ആദ്യം തന്നെ തിരിച്ചറിഞ്ഞ് വിദഗ്ധ ചികിത്സ നടത്തേണ്ടത് ഏറെ അത്യാവശ്യമാണ്. ഇത് വൈകുന്നതു വഴി ശരീരത്തിന്റെ വിവിധ ഭാഗങ്ങളുടെ പ്രവർത്തനം ഇല്ലാതാകുന്നതാണെന്ന് പ്രത്യേകം ഓർമിക്കുക.
Discussion about this post