മാറുന്ന ഫാഷൻലോകത്ത് ഇപ്പോഴും ആധിപത്യം പട്ടുസാരികൾക്ക് തന്നെയാണ്. ഫംഗ്ഷനുകൾക്ക് ഭൂരിഭാഗം യുവതികളും സ്ത്രീകളുമെല്ലാം പട്ടുസാരി ധരിച്ചാണ് പോകാറുള്ളത്. നമ്മളിൽ പലരുടെ പക്കലും പട്ടുസാരികളുടെ വലിയ ശേഖരം തന്നെ ഉണ്ടായിരിക്കും.
സാധാരണ സാരികളെ അപേക്ഷിച്ച് പട്ടുസാരികൾക്ക് വിലയൽപ്പം കൂടുതൽ ആണ്. കാരണം പലവർണ്ണങ്ങളിലുള്ള തിളങ്ങുന്ന പട്ട് നൂലുകളിൽ ആണ് പട്ടുസാരികൾ തയ്യാറാക്കാറ്. എന്നാൽ വലിയ വില കൊടുത്തു വാങ്ങുന്ന പട്ടുസാരികൾ പലർക്കും ദീർഘനാൾ ഉപയോഗിക്കാൻ കഴിയാറില്ല. പെട്ടെന്ന് തന്നെ ഇവയുടെ തിളക്കം മങ്ങുകയാണ് ചെയ്യാറുള്ളത്. പട്ടുസാരികൾ എങ്ങനെ സൂക്ഷിക്കണം എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്തതാണ് ഇതിന്റെ കാരണം. ശരിയായി പരിചരിച്ചാൽ വർഷങ്ങളോളം പട്ടുസാരികൾ തിളക്കം മങ്ങാതെ സൂക്ഷിക്കാം.
സാധാരണ വസ്ത്രങ്ങൾ പോലെയല്ല പട്ടുസാരികൾ കഴുകേണ്ടത്. അതിന് പ്രത്യേക രീതിയുണ്ട്. ആദ്യം പട്ടുസാരി ഡിറ്റർജെന്റ് വെള്ളത്തിൽ മുക്കിവയ്ക്കണം. അതിനായി ആദ്യം അര ബക്കറ്റിൽ ആവശ്യത്തിന് വെളളം എടുക്കുക. ശേഷം ഇതിലേക്ക് അൽപ്പം ഗ്ലിസറിൻ ചേർക്കാം. ഇതിന് ശേഷം വേണം സോപ്പു പൊടി ഇതിലേക്ക് ചേർക്കാൻ.
ശേഷം ഇതിലേക്ക് അര ബക്കറ്റ് ചൂട് വെള്ളം ചേർക്കാം. ശേഷം നന്നായി ഇളക്കാം. ഇതിന് ശേഷം സാരി ഇതിൽ മുക്കി വയ്ക്കണം. സാരി മുഴുവനും വെള്ളത്തിൽ മുങ്ങിയെന്ന് ഉറപ്പ് വരുത്തണം. ശേഷം കുറച്ച് മിനിറ്റ് നേരം കൈ കൊണ്ട് സാരികൾ നന്നായി കശക്കിക്കൊടുക്കാം. ശേഷം ഇതിൽ നിന്നും സാരിയെടുത്ത് വെള്ളം പിഴിഞ്ഞ് കളയാം.
ഇതിന് ശേഷം മറ്റൊരു ബക്കറ്റിൽ നിറയെ നല്ല തണുത്ത വെള്ളം എടുക്കാം. എന്നിട്ട് സാരി ഇതിൽ ഇട്ട് നന്നായി കശക്കിയെടുക്കാം. മൃദുവായി വേണം ഇങ്ങനെ ചെയ്യാൻ. ശേഷം നന്നായി പിഴിഞ്ഞ് എടുക്കുക.
സൂര്യപ്രകാശം നേരിട്ട് പട്ടുസാരികളിൽ ഏൽക്കുന്നത് നിറം മങ്ങാൻ കാരണം ആകും. അതുകൊണ്ട് തന്നെ തണലത്ത് ഇട്ട് വേണം സാരി ഉണക്കാൻ. പട്ടുസാരികൾ അയൺ ചെയ്യുമ്പോഴും ശ്രദ്ധിക്കണം. ചെറിയ ചൂടിൽ വേണം പട്ടുസാരികൾ തേച്ചെടുക്കാൻ.
അതസമയം കളർ ഇളകുന്ന സാരികൾ ഇത്തരത്തിൽ മുക്കിവയ്ക്കാതെ ഇരിക്കുന്നതാണ് നല്ലത്. കളറിളകുന്നുണ്ടോയെന്ന് പരിശോധിക്കാൻ ആദ്യം സാരിയുടെ തലപ്പ് വെള്ളത്തിൽ മുക്കിവയ്ക്കാം. കളർ ഇളകുന്നുണ്ട് എങ്കിൽ ഡ്രൈ ക്ലീനിംഗിന് നൽകാം.
Discussion about this post