തിരുവനന്തപുരം: കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടാണ്.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
അതേസമയം അടുത്ത 3 മണിക്കൂറിൽ ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി സ്ഥിതിചെയ്തിരുന്ന അതിതീവ്ര ന്യുനമർദ്ദം ഒഡിഷയിലെ പുരിക്ക് സമീപം കരയിൽ പ്രവേശിച്ചു. തുടർന്നുള്ള 24 മണിക്കൂറിൽ ഛത്തിസ്ഗഡ് മേഖയിലേക്ക് നീങ്ങാനാണ് സാധ്യത. കേരള തീരം മുതൽ കർണാടക തീരം വരെയുള്ള ന്യുനമർദ്ദപാത്തി ദുർബലമായിട്ടുണ്ട്. ഇതിന്റെ ഫലമായി, കേരളത്തിൽ അടുത്ത ഒരാഴ്ച വ്യാപകമായി നേരിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Discussion about this post