പാലക്കാട്: പികെ ശശിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പികെ ശശി ചെയ്തത് നീചമായ പ്രവൃത്തിയാണ്. ജില്ലാ സെക്രട്ടറിയെ വ്യാജ പീഡനപരാതിയിൽ ഉൾപ്പെടുത്താൻ ശ്രമിച്ചെന്നും സംസ്ഥാന സെക്രട്ടറി വിമർശിച്ചു. സിപിഎം പാലക്കാട് മേഖലാ റിപ്പോർട്ടിങ്ങിലാണ് വിമർശനം.
പാർട്ടിയെ വളർത്താൻ ഒന്നും ചെയ്യാത്ത ശശി,നീചമായ പ്രവർത്തികളാണ് ചെയ്തതെന്നും സ്വന്തം നേട്ടത്തിന് പാർട്ടിയെ ഉപയോഗപ്പെടുത്തിയെന്നും ആഞ്ഞടിച്ചു. ജില്ലാ സെക്രട്ടറിയെ വ്യാജകേസിൽ ഉൾപ്പെടുത്താൻ ശ്രമിച്ചത് കണ്ടുപിടിക്കപ്പെട്ടിട്ടുണ്ടെന്നും ഇതൊന്നും വച്ചുപൊറുപ്പിക്കാനാകാത്തതാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
സഖാവിന് ചേർന്ന പണിയല്ല ശശി ചെയ്തത്. ശശിയെ പുറത്താക്കാത്തത് മുതിർന്ന നേതാവായത് കൊണ്ട്.സിപിഎം ജില്ലാ സെക്രട്ടറിയെ സ്ത്രീപീഡനക്കേസിൽ കുടുക്കാൻ ശ്രമിച്ചു. ഇതിനായി മാദ്ധ്യമപ്രവർത്തകനുമായി കൂടിക്കാഴ്ച നടത്തുകയും വ്യാജരേഖകൾ നിർമിക്കുകയും ചെയ്തു. നീചമായ പ്രവൃത്തിയാണ് ശശിയുടെ ഭാഗത്തു നിന്നുണ്ടായതെന്ന് റിപ്പോർട്ടിംഗിൽ പറയുന്നു.
പാർട്ടി ഫണ്ട് തിരിമറി കേസിലാണ് മുൻ എംഎൽഎയും കെടിഡിസി ചെയർമാനുമായ പികെ ശശിക്കെതിരെ സിപിഎം നടപടിയെടുത്തത്. പി.കെ ശശിയെ പാർട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കികൊണ്ടാണ് നടപടി.
Discussion about this post