സമയം ഒട്ടും വേണ്ട; ഓണത്തിന് 10 മിനിറ്റിൽ പാലട പ്രഥമൻ; അതും നാവിൽ അലിഞ്ഞ് പോവും രുചിയിൽ
കേരളക്കരയുടെ ഏറ്റവും വലിയ ഉത്സവമായ ഓണത്തിന് ഇനി വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് ഉള്ളത്. ഓണക്കോടിയെടുക്കലും പൂക്കളമിടലുമെല്ലാം തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണ്. ഓണ സദ്യക്ക് എന്തെല്ലാം വിഭവങ്ങൾ ഒരുക്കണം എന്നതിനെ കുറിച്ചുള്ള ചർച്ചകളും മിക്ക വീടുകളിലും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിൽ ഏറ്റവും ആശയക്കുഴപ്പം ഉണ്ടാക്കുന്ന ഒന്ന് പായസം ഏത് വക്കണമെന്നത് തന്നെയാണ്. എളുപ്പം പണി തീർക്കാൻ സേമിയപായസം വച്ച് മടുത്തവരായിരിക്കും മിക്കവരും. മറ്റ് പായസങ്ങൾ വേണമെന്ന ആഗ്രഹം വരുമ്പോൾ ഓർഡർ ചെയ്യുകയായിരിക്കും പതിവ്.
എന്നാൽ, ഒട്ടും സമയം കളയാതെ, വെറും പത്ത് മിനിറ്റ് കൊണ്ട് നല്ല രുചികരമായ പാലട പ്രഥമൻ എങ്ങനെയാണ് ഉണ്ടാക്കുക എന്ന് നോക്കാം.. നല്ല പിങ്ക് നിറത്തിലുള്ള പാലട പ്രഥമൻ ഉണ്ടാക്കാന എന്തൊക്കെയാണ് ആവശ്യമുള്ളതെന്നല്ലേ…
മട്ട അരിയുടെ പാലട – 100 ഗ്രാം, ആവശ്യത്തിന് പഞ്ചസാര, പാൽ ഒരു ലിറ്റർ, രണ്ട് ടേബിൾ സ്പൂൺ നെയ്യ്, എലക്കപ്പൊടി എന്നിവയാണ് ഈ പായസം തയ്യാറാക്കാൻ വേണ്ടത്.
തയ്യാറാക്കുന്ന വിധം
ആദ്യം പാലട നന്നായി കഴുകി വൃത്തിയാക്കുക. ഇതിന് ശേഷം, ഇത് നല്ല തിളച്ച വെള്ളത്തിൽ 15 മിനിറ്റ് കുതിർത്ത് വക്കണം. പിന്നീട് ചുവട് നല്ല കട്ടിയുള്ള ഒരു പാത്രമെടുത്ത് (ഉരുളിയാണ് ഏറ്റവും ഉത്തമം) സ്റ്റൗവിൽ വച്ച് ചുടാകുമ്പോൾ, അതിലേക്ക് ഒരു സ്പൂൺ നെയ്യ് ചേർക്കുക. ഇത് ഉരുകുമ്പോൾ, അര കപ്പ് പഞ്ചസാര ഇടുക. ഈ പഞ്ചസാര നല്ല ബ്രൗൺ നിറത്തിലുള്ള കാരമൽ ആകുന്നത് വരെ കയ് വിടാതെ ഇളക്കി കൊടുക്കുക. ശേഷം, ഇതിലേക്ക് ഒരു കപ്പ് വെള്ളവും ഒരു ലിറ്റർ പാലും ചേർക്കുക. ഇത് നന്നായി തിളച്ചു വരണം. പാലിനോടൊപ്പം തന്നെ മധുരത്തിന് ആവശ്യമായ പഞ്ചസാരയും ചേർക്കാം.
പാൽ തിളക്കുമ്പോൾ ഇതിലേക്ക് കുതിർത്തു വച്ച പാലട ഇട്ടു കൊടുക്കുക. പാലട കുതിർത്തു വച്ച വെള്ളത്തോടെ തന്നെ വേണം ചേർക്കാൻ. ഇത് നന്നായി തിളച്ച് കുറുകി വരുന്നത് വരെ ഇടവിട്ട് ഇളക്കി കൊടുക്കുക. പായസം അടിയിൽ പിടിക്കാതിരിക്കാൻ ഇത് സഹായിക്കും. നന്നായി കുറുകി വരുമ്പോൾ ഇതിലേക്ക് ഒരു സ്പൂൺ നെയ്യും ഏലക്ക പൊടിച്ചതും കൂടി ചേർത്താൽ നല്ല ഒന്നാന്തരം പായസം റെഡി. അണ്ടിപ്പരിപ്പും മുന്തിരിയും ഇഷ്ടമുള്ളവർ പായസത്തിൽ അൽപ്പം നെയ്യിൽ വറുത്ത അണ്ടിപ്പരിപ്പും മുന്തിരിയും കൂടി ചേർക്കാം..
Discussion about this post