മലപ്പുറം : നിലമ്പൂർ എംഎൽഎ പി വി അൻവറിന്റെ ആരോപണങ്ങൾക്ക് പിന്നാലെ മലപ്പുറം പൊലീസിൽ വന്‍ അഴിച്ച് പണിയുമായി സംസ്ഥാന സർക്കാർ. പിവി അൻവർ പോലീസ് സമ്മേളന വേദിയിൽ വച്ച് അപമാനിച്ച മലപ്പുറം എസ്‌പി എസ് ശശിധരനെ സർക്കാർ സ്ഥലംമാറ്റി. ഏറെ വിവാദമായ മരംമുറി കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ താനൂര്‍ ഡിവൈഎസ്‍പി ബെന്നിയേയും സർക്കാർ സ്ഥലം മാറ്റിയിട്ടുണ്ട്.
എസ്‌പി എസ് ശശിധരനെ എറണാകുളത്ത് വിജിലൻസിലേക്ക് ആണ് മാറ്റിയിരിക്കുന്നത്.
ഡിവൈഎസ്‍പി ബെന്നിയെ കോഴിക്കോട് റൂറര്‍ ജില്ലാ ക്രൈംബ്രാഞ്ചിലേക്കും മാറ്റി. മലപ്പുറത്തെ ഡിവൈഎസ്പിമാർക്കും സ്ഥലം മാറ്റം നൽകിയിട്ടുണ്ട്. മലപ്പുറത്തെ സ്പെഷ്യല്‍ ബ്രാഞ്ച് ഉള്‍പ്പെടെ എല്ലാം സബ് ഡിവിഷനിലെ ഉദ്യോഗസ്ഥരെയും മാറ്റിയിട്ടുണ്ട്. പൊലീസ് ആസ്ഥാന എഐജി വിശ്വനാഥ് ആയിരിക്കും പുതിയ മലപ്പുറം എസ്പി.
മലപ്പുറത്തെ പൊലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളന വേദിയില്‍ വെച്ച് നിലമ്പൂര്‍ എംഎല്‍എയായ പി വി അന്‍വര്‍ മലപ്പുറം എസ്‍ പി ശശിധരനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ മലപ്പുറം പോലീസിനെതിരെ വിവിധ വിവാദ സംഭവങ്ങൾ ആയിരുന്നു ഉയർന്നുവന്നിരുന്നത്. ലൈംഗികാരോപണം ഉൾപ്പെടെയുള്ള വിഷയങ്ങൾ ആയിരുന്നു പിന്നീട് മലപ്പുറം പോലീസിനെതിരെ ഉയർന്നിരുന്നത്.
Discussion about this post