വാഷിംഗ്ടൺ: അമേരിക്കയിൽ ഏറ്റവുമമധികം വിറ്റഴിക്കപ്പെടുന്ന ട്രോജൻ കോണ്ടത്തിൽ കാൻസറിന് കാരണമായേക്കാവുന്ന രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്ന ഗുരുതര ആരോപണം. മാത്യു ഗുഡ്മാൻ എന്ന വ്യക്തി ഇത് സംബന്ധിച്ച പരാതി മാൻഹട്ടൻ ഫെഡറൽ കോടതിയിൽ സമർപ്പിച്ചു.
ട്രോജൻ അൾട്രാ തിൻ കോണ്ടത്തിന്റെ ലാബ് പരിശോധന ഫലത്തെപറ്റി മാത്യു ഗുഡ്മാൻ ഹർജിയിൽ വ്യക്തമാക്കുന്നു. കോണ്ടത്തിൽ പിഫ്എഎസ് എന്നറിയപ്പെടുന്ന പോളിഫ്‌ളൂറോ ആൽക്കൈൽ സബ്‌സ്റ്റൻസ് അടങ്ങിയിട്ടുണ്ടെന്ന് ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ലാബ് പരിശോധനയിൽ കോണ്ടത്തിൽ ഓർഗാനിക് ഫ്‌ളൂറിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. എന്നാലിത് ഉത്പന്നത്തിന്റെ പാക്കറ്റിന്റെ പുറത്ത് രേഖപ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു.
ഇക്കാര്യങ്ങൾ അറിവുണ്ടെങ്കിൽ താൻ ഈ ബ്രാൻഡ് വാങ്ങില്ലായിരുന്നുവെന്നും ചതിക്കപ്പെട്ടുവെന്നും ഗുഡ്മാൻ പറയുന്നു. ട്രോജൻ കോണ്ടം വാങ്ങിയവർക്ക് അഞ്ച് മില്യൺ ഡോളർ (34.15 കോടിരൂപ)നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹത്തിന്റെ പരാതിയിൽ ആവശ്യപ്പെടുന്നു.
ഉപഭോക്തൃ അവകാശ സംരക്ഷണ സംഘടനയായ മാമവേഷൻ ഈയടുത്ത് ഒരു പഠനം നടത്തിയിരുന്നു. ഇതിൽ കോണ്ടം, ലൂബ്രിക്കന്റ് എന്നിവയിൽ പിഎഫ്എഎസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. ഇപിഎ സർട്ടിഫൈഡ് ലാബ് പരിശോധനയിൽ ട്രോജൻ അൾട്രാ തിൻ കോണ്ടം ഉൾപ്പെടെ പരിശോധിച്ച 29 ഉൽപ്പന്നങ്ങളിൽ 14 ശതമാനത്തിലും പിഎഫ്എഎസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. പരിശോധിച്ച 25 കോണ്ടങ്ങളിൽ 3 എണ്ണത്തിലും 4 ലൂബ്രിക്കന്റിൽ ഒരെണ്ണത്തിലും പിഎഫ്എഎസിന്റെ പ്രധാന ഘടകമായ ഓർഗാനിക് ഫ്‌ളൂറിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു.
Discussion about this post