ന്യൂഡൽഹി: വിദേശ യാത്രക്കിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ ഇന്ത്യാ വിരുദ്ധ പരാമർശങ്ങൾക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദേശവിരുദ്ധ പ്രസ്താവനകൾ നടത്തുന്നത് രാഹുൽ ഗാന്ധിയുടെയും കോൺഗ്രസിന്റെയും ശീലമായി മാറിയിരിക്കുന്നുവെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
രാജ്യത്തെ വിഭജിക്കാൻ ഗൂഡാലോചന നടത്തുന്ന ശക്തികൾക്കൊപ്പം നിൽക്കുകയും ദേശവിരുദ്ധ പ്രസ്താവനകൾ നടത്തുകയും ചെയ്യുന്നത് കോൺഗ്രസിന്റെയും രാഹുൽ ഗാന്ധിയുടെയും ശീലമായി മാറിയിരിക്കുകയാണ്. വിദേശത്തേക്ക് പോയാൽ രാജ്യത്തെ അപമാനിക്കുന്നത് രാഹുൽ ഗാന്ധി പതിവാക്കുകയാണ്. രാഹുൽ ഗാന്ധി അദ്ദേഹത്തിന്റെ പ്രസ്താവനയിലൂടെ ഇന്ത്യയുടെ സുരക്ഷയെ പ്രശ്‌നത്തിലാക്കുകയും രാജ്യത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുകയും ചെയ്യുന്നതാണെന്ന് അമിത് ഷാ എക്‌സിൽ കുറിച്ചു.
രാജ്യത്ത് സംവരണം നിർത്തലാക്കുന്നതിനെ കുറിച്ച് സംസാരിച്ചതിലൂടെ കോൺഗ്രസിന്റെ സംവരണ വിരുദ്ധമുഖം രാഹുൽ ഗാന്ധി വീണ്ടും മുന്നിൽ കൊണ്ടുവന്നിരിക്കുകയാണ്. അദ്ദേഹത്തിന്റെ മനസിലുണ്ടായിരുന്ന കാര്യങ്ങളാണ് ഇപ്പോൾ വാക്കുകളായി പുറത്ത് വരുന്നത്. ബിജെപി ഉള്ളിടത്തോളം ആർക്കും സംവരണം നിർത്തലാക്കാനോ രാജ്യസുരക്ഷയെ തകർക്കാനോ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post