ഇന്ത്യക്കെതിരായ മാലിദ്വീപ് മന്ത്രിമാരുടെ അപകീർത്തി പരാമർശം വലിയ സംഭവവികാസങ്ങൾക്കാണ് തിരി കൊളുത്തിയത്. അന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിച്ച മന്ത്രിമാർ രാജി വക്കുകയും പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യ സന്ദർശിക്കനൊരുങ്ങുകയും ചെയ്യുകയാണ്. ഇക്കാരണങ്ങളാൽ തന്നെ ഇരു രാജ്യങ്ങളുമായുള്ള പ്രശ്‌നങ്ങൾ പതിയെ നീങ്ങിത്തുടങ്ങിയിരിക്കുകയാണെന്ന് തന്നെ ഉറപ്പിക്കാം..
ഇന്ത്യയെ വെറുപ്പിച്ചുകൊണ്ട് തങ്ങൾക്ക് നിലനിൽപ്പില്ലെന്ന് മനസലാക്കിയതുകൊണ്ട് തന്നെയാണ് പ്രസിഡന്റ് മുയിസു തന്നെ ഇപ്പോൾ ഇന്ത്യയെ അനുനയിപ്പിക്കാൻ നേതൃത്വം നൽകുന്നത്. വിവാദങ്ങളുടെ മഞ്ഞ് ഉരുകിത്തുടങ്ങിയിരിക്കുകയാണ്. ഇന്ത്യയെ അപമാനിക്കാൻ തുനിഞ്ഞ മാലിദ്വീപിന് തന്നെയാണ് വലിയ നഷ്ടമുണ്ടായത്. ഇക്കാര്യം മാലിദ്വീപിന് തന്നെ മനസിലായ കാര്യവുമാണ്.
കഴിഞ്ഞ ജനുവരിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യക്കുമെതിരെ മാലിദ്വീപിലെ ചില മന്ത്രിമാർ അധിക്ഷേപ പരാമർശം നടത്തിയത്. മോദിയുടെ ലക്ഷദ്വീപ സന്ദർശനത്തിന് പിന്നാലെയായിരുന്നു പ്രസ്താവന. വലിയ വിവാദങ്ങങ്ങൾക്കാണ് ഈ പ്രസ്താവന തിരി തെളിയിച്ചത്. ഇതിന് പിന്നാലെ, ഇന്ത്യൻ വിനോദ സഞ്ചാരികൾ വ്യപകമായി മാലിദ്വീപിനെ ബഹിഷ്‌കരിച്ചിരുന്നു. ഇന്ത്യൻ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുവാനും മാലിയെ കയ്യൊഴിയാനും തുടങ്ങിയതോടെ, വലിയ തിരിച്ചടിയാണ് മാലിദ്വീപ് ടൂറിസം നേരിട്ടത്. ടൂറിസം പ്രധാനമായ വരുമാന മാർഗമായി കണ്ടിരുന്ന മാലിദ്വീപിന്റെ നിലനിൽപ്പിന് തന്നെ ഇതൊരുവെല്ലുവിളിയായി മാറി. ഇതോടെ, കാര്യങ്ങൾ കൈവിട്ടു തുടങ്ങിയെന്ന് മനസിലായ മാലദ്വീപ് ഇന്ത്യയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും തുടങ്ങിയിരുന്നു.
പ്രശ്‌നങ്ങൾക്ക് പിന്നാലെ, മാലദ്വീപിനെ ബഹിഷ്‌കരിക്കാനുള്ള കാമ്പയിനുകളും വന്നു തുടങ്ങി. മാലദ്വീപിന് ബദലായി ഇന്ത്യൻ വിനോദ സഞ്ചാരികൾ ലക്ഷദ്വീപിനെ സ്വീകരിച്ചു തുടങ്ങിയതോടെ, ഇന്ത്യയുടെ വിനോദ സഞ്ചാര മേഖലയിൽ വലിയ പുരോഗതിയാണ് ഉണ്ടായത്. ഇതേസമയം തന്നെ മാലിദ്വീപിന്റെ വിനോദ സഞ്ചാര മേഖലയുടെ താളം തെറ്റി. കഴിഞ്ഞ വർഷം ഇന്ത്യയിൽ നിന്നുള്ള വിനോദ സഞ്ചാരികളാണ് ഏറ്റവും കൂടുതൽ മാലിദ്വീപിലേക്ക് എത്തിയിരുന്നത്. എന്നാൽ, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതോടെ, ഇന്ത്യയിൽ നിന്നുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ മാലിദ്വീപ് ആറാം സ്ഥാനത്തെത്തി.
ഇതിന് പിന്നാലെ ഇന്ത്യൻ വിനോദ സഞ്ചാരികളോട് അഭ്യർത്ഥനയുമായി മാലിദ്വീപിന്റെ ടൂറിസം മന്ത്രി ഇബ്രാഹീം ഫൈസൽ തന്നെ രംഗത്ത് വന്നിരുന്നു. ഇന്ത്യക്കാരെ ആകർഷിക്കാൻ പല ശ്രമങ്ങളും മാലിദ്വീപ് നടത്തി. മാലിദ്വീപ് ടൂറിസം റോഡ് ഷോകൾ നടത്തുകയും ഇന്ത്യയിൽ നിന്നും മാലിദ്വീപിലേക്കുള്ള വിമാന സർവീസുകളുടെ എണ്ണവും വർദ്ധിപ്പിച്ചു. എന്നാൽ, ഇപ്പോഴും വനോദ സഞ്ചാരികൾക്കിടയിൽ മാലിദ്വീപിനോടുള്ള അകൽച്ച ഇപ്പോഴും പൂർണമായും മാറിയിട്ടില്ല.
എങ്കിലും, ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെട്ടത് ടൂറിസത്തിൽ ചെറിയ തോതിലെങ്കിലും പ്രതിഫലിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. പഴ സ്ഥിതിയിലേക്ക് എത്തിയിട്ടില്ലെങ്കിലും ചെറിയ തോതിലെങ്കിലും മാലിദ്വീപിലേക്ക് ഇന്ത്യൻ വിനോദ സഞ്ചാരികൾ എത്തിത്തുടങ്ങിയിട്ടുണ്ട്.
Discussion about this post