ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപകീർത്തി പരാമർശങ്ങൾ നടത്തിയ മാലിദ്വീപ് മന്ത്രിമാർ രാജി വച്ചു. രണ്ട് ജൂനിയർ മന്ത്രിമാരാണ് രാജ്യസഭയിൽ നിന്നും രാജി വച്ചത്. ഇന്ത്യക്കെതിരെ വിവാദപരാമർശങ്ങൾ നടത്തിയതിന് പിന്നാലെ രണ്ട് മന്ത്രിമാരെയും നേരത്തെ സസ്പൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഇരുവരുടെയും രാജി.
അതേസമയം, മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഉടൻ തന്നെ ഇന്ത്യ സന്ദർശിച്ചേക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. മുയിസുവിന്റെ ഔദ്യോഗിക വക്താവായ ഹീന വലീദ് ഇക്കാര്യം പുറത്തുവിട്ടത്. ഇന്ത്യ സന്ദർശനം ഉടൻ ഉണ്ടായേക്കുമെന്നാണ് വിവരം. ഇരു രാജ്യങ്ങൾക്കും അനുയോജ്യമായ സമയത്തായിരിക്കും കൂടിക്കാഴ്ച്ചയെന്നാണ് വിവരം. ചർച്ചകൾക്ക് ശേഷമായിരിക്കും ഇക്കാര്യം തീരുമാനിക്കുക.
2023 നവംബറിൽ പ്രസിഡന്റ് ആയി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ, മാലിദ്വീപിലുള്ള ഇന്ത്യൻ സൈന്യത്തെ പിൻവലിക്കണമെന്ന് മുയിസു ആവശ്യപ്പെട്ടത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമാക്കിയിരുന്നു. തുടർന്ന് ഇന്ത്യ മുഴുവൻ സൈനികരെയും പിൻവലിക്കുകയും സിവിലിയൻ ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്തിരുന്നു. തുടർന്ന് കഴിഞ്ഞ ജനുവരിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യക്കുമെതിരെ മാലിദ്വീപിലെ ചില മന്ത്രിമാർ അധിക്ഷേപ പരാമർശം നടത്തിയത്. മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന് പിന്നാലെയായിരുന്നു പ്രസ്താവന. വലിയ വിവാദങ്ങങ്ങൾക്കാണ് ഈ പ്രസ്താവന തിരി തെളിയിച്ചത്.
ഇതിന് പിന്നാലെ, ഇന്ത്യൻ വിനോദ സഞ്ചാരികൾ വ്യാപകമായി മാലിദ്വീപിനെ ബഹിഷ്‌കരിച്ചിരുന്നു. ഇന്ത്യൻ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുവാനും മാലിയെ കയ്യൊഴിയാനും തുടങ്ങിയതോടെ, വലിയ തിരിച്ചടിയാണ് മാലിദ്വീപ് ടൂറിസം നേരിട്ടത്. ടൂറിസം പ്രധാനമായ വരുമാന മാർഗമായി കണ്ടിരുന്ന മാലിദ്വീപിന്റെ നിലനിൽപ്പിന് തന്നെ ഇതൊരുവെല്ലുവിളിയായി മാറി. ഇതോടെ, കാര്യങ്ങൾ കൈവിട്ടു തുടങ്ങിയെന്ന് മനസിലായ മാലദ്വീപ് ഇന്ത്യയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും തുടങ്ങിയിരുന്നു.
Discussion about this post