പ്യോംഗ്യാംഗ്: മിസൈൽ പരീക്ഷണത്തിലൂടെ വീണ്ടും പ്രകോപനം സൃഷ്ടിച്ച് ഉത്തരകൊറിയ. കഴിഞ്ഞ ദിവസം കിഴക്കൻ കടലിലേക്കാണ് ഉത്തര കൊറിയ മിസൈൽ പരീക്ഷണം നടത്തിയത്. ദക്ഷിണ കൊറിയൻ സൈനിക വൃത്തങ്ങളെ ഉദ്ദരിച്ച് പ്രമുഖ വാർത്താ ഏജൻസിയാണ് ഇക്കാര്യം പുറത്തുവിട്ടത്.
ഹ്രസ്വദൂര ന്യൂക്ലിയാർ ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണമാണ് കഴിഞ്ഞ ദിവസം നടന്നത് എന്നാണ് റിപ്പോർട്ട്. ഒന്നിലധികം മിസൈലുകൾ കിംജോംഗ് ഉന്നിന്റെ നിർദ്ദേശപ്രകാരം അധികൃതർ പരീക്ഷിച്ചിട്ടുണ്ട്. ഏകദേശം 360 കിലോ മീറ്ററോളം സഞ്ചരിച്ച മിസൈലുകൾ കൊറിയൻ പെനിൻസുലയ്ക്കും ജപ്പാനും ഇടയിലുള്ള തീരമേഖലയിലാണ് പ്രത്യക്ഷമായത് എന്നാണ് ദക്ഷിണ കൊറിയൻ സൈനിക വൃത്തങ്ങൾ അറിയിക്കുന്നത്.
ഒരു ഇടവേളയ്ക്ക് ശേഷമാണ് ഉത്തര കൊറിയ മിസൈൽ പരീക്ഷണം നടത്തുന്നത്. ജൂലൈ ഒന്നിനായിരുന്നു ഉത്തര കൊറിയയുടെ അവസാന മിസൈൽ പരീക്ഷണം. ദക്ഷിണ കൊറിയയെ ലക്ഷ്യമിട്ടാണ് ഇപ്പോൾ പരീക്ഷിച്ച മിസൈൽ രൂപ കൽപ്പന ചെയ്തിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. അതിനാൽ ജപ്പാനും ദക്ഷിണ കൊറിയയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ അതീവ ജാഗ്രതയിലാണ്. സംഭവവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ കപ്പലുകളുടെയും വിമാനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. കൊറിയൻ പെനിൻസുലയിൽ സംഘർഷ സമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്.
Discussion about this post