കോഴിക്കോട് : സ്വർണ മാല കവർന്ന കേസിലെ പ്രതി പിടിയിൽ. വൃദ്ധ ദമ്പതികളെ കുത്തിപ്പരിക്കേൽപ്പിച്ചാണ് യുവാവ് സ്വർണമാല കവർന്നത്. തിരൂരങ്ങാടി സികെ നഗർ സ്വദേശി ഹസീമുദ്ദീൻ (30) ആണ് പിടിയിലായത്.കോഴിക്കോട് മാത്തറയിലാണ് സംഭവം നടന്നത്.
ആഗസ്റ്റ് 27നു പുലർച്ചെയാണ് സംഭവം നടന്നത്. പ്രഭാത സവാരിക്ക് ഗൃഹനാഥൻ പുറത്ത് പോയി എന്ന് ഉറപ്പ് വരുത്തിയതിന് ശേഷമാണ് പ്രതി മോഷണം നടത്തിയത് . കത്തി വീശി കഴുത്തിലെ സ്വർണമാല കവർന്ന ശേഷം കൈയിലെ വള ഊരി നൽകാൻ ആവശ്യപ്പെടുകയും മോഷണം ചെറുക്കാൻ ശ്രമിച്ച വീട്ടമ്മയുടെ കൈയിൽ കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തു. വള ഊരിയെടുക്കുന്നതിനിടെയാണ് ഗൃഹനാഥൻ വീട്ടിലേക്ക് തിരിച്ചെത്തിയത്. ഇതോടെ ഇദ്ദേഹത്തേയും പ്രതി ആക്രമിക്കുകയായിരുന്നു.
വളരെ പ്ലാൻ ചെയ്താണ് ഇയാൾ കുറ്റകൃത്യം നടത്തിയത്. സിസിടിവി കുടുങ്ങാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചതായും മൂന്ന് ഓട്ടോകൾ മാറി കയറിയാണ് പ്രതി കോഴിക്കോട് നഗരത്തിൽ എത്തിയതെന്നും പോലീസ് പറഞ്ഞു. സംഭവശേഷം സ്വർണം വിറ്റ് പണവുമായി ഇയാൾ ആഡംബര ഫ്‌ലാറ്റിൽ കഴിയുകയായിരുന്നു. ഇവിടെ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.
Discussion about this post