ന്യൂയോർക്ക്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തുടരുന്ന ബഹിരാകാശ യാത്രികർ ആയ സുനിതാ വില്യംസിനും ബുച്ച് വിൽമോറിനും ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളതായി റിപ്പോർട്ട്. അടുത്തിടെ നടത്തിയ പരിശോധനയിൽ ഇവരുടെ കാഴ്ചയ്ക്ക് പ്രശ്‌നമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇവരുടെ ആരോഗ്യനില വിശദമായി നിരീക്ഷിച്ചുവരികയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
സ്റ്റാൻഡേർഡ് മെഡിക്കൽ ഇമേജിംഗ് ഉപകരണങ്ങൾ ഉപയോഗിച്ചുകൊണ്ടായിരുന്നു ഇരുവരുടെയും നേത്ര പരിശോധന. ഇതിൽ ഇരുവരുടെയും കാഴ്ചയ്ക്ക് തകരാർ ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കാഴ്ച മങ്ങുന്നുവെന്നാണ് കണ്ടെത്തൽ. ബഹിരാകാശത്ത് ദീർഘ കാലം തുടരുന്നത് കാഴ്ചയെ ബാധിക്കുമെന്ന് ചില ബഹിരാകാശ സഞ്ചാരികൾ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു ഇവരുടെ കണ്ണുകളും പരിശോധിച്ചത്. ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായി മറ്റ് പരിശോധനകളും ഇവർ നടത്തുന്നുണ്ട്. അതേസമയം ഇരുവരുടെയും കണ്ണുകൾക്ക് കാഴ്ചയിൽ തകരാർ അനുഭവപ്പെട്ടത് ഗവേഷകരിൽ ആശങ്കയുളവാക്കിയിട്ടുണ്ട്.
ജൂൺ അഞ്ചിനായിരുന്നു സുനിത വില്യംസും വിൽമോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോയത്. എട്ട് ദിവസത്തെ ദൗത്യത്തിന്റെ ഭാഗമായിട്ടായിരുന്നു യാത്ര. എന്നാൽ പേടകത്തിലെ സാങ്കേതിക തകരാറിനെ തുടർന്ന് ഇരുവരും അവിടെ കുടുങ്ങുകയായിരുന്നു. അടുത്ത വർഷം ഫെബ്രുവരിയിൽ ആയിരിക്കും ഇരുവരും മടങ്ങിവരുക.
Discussion about this post