ചെന്നൈ: കരിയറിലെ അറുപത്തൊൻപതാം ചിത്രം പൂർത്തിയാക്കിയശേഷം സിനിമാഭിനയത്തോട് വിടപറഞ്ഞ് പൂർണമായി രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഒരുങ്ങുകയാണ് തമിഴ് സൂപ്പർതാരം വിജയ്. തന്റെ അവസാനത്തെ ചിത്രം വിജയ് നാളെ പ്രഖ്യാപിക്കുമെന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ഇതിന് മുന്നോടിയായി വിജയ്ക്കുള്ള ട്രിബ്യൂട്ട് വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് സിനിമയുടെ നിർമാതാക്കൾ.
‘ദ ലവ് ഫോർ ദളപതി’ എന്ന പേരിലാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. താരത്തെ കുറിച്ചുള്ള ആരാധകരുടെ ഓർമകളാണ് വൈകാരികമായ ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ദളപതി 69 എന്ന് താത്ക്കാലികമായി പേരുനൽകിയിരിക്കുന്ന ചിത്രത്തിന്റെ നിർമാതാക്കളായ കെ.വി.എൻ പ്രൊഡക്ഷൻ പറഞ്ഞു. വീഡിയോ കാട്ടിത്തരുന്നുണ്ട്. വിജയ്‌യുടെ അവസാനചിത്രമായിരിക്കും ദളപതി 69 എന്ന് സൂചിപ്പിക്കാൻ ‘അവസാനമായി ഒരിക്കൽക്കൂടി’ എന്ന വാചകവും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വിജയ്‌യുടെ അവസാനചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നിർമാതാക്കൾ പുറത്തുവിട്ടിട്ടില്ല. ശനിയാഴ്ച വൈകീട്ട് അഞ്ചുമണിക്കാണ് ദളപതി 69 ന്റെ ഔദ്യോഗിക പ്രഖ്യാപനം. “നിങ്ങളുടെ സിനിമകൾക്കൊപ്പമായിരുന്നു ഞങ്ങൾ വളർന്നത്. ഞങ്ങളുടെ ജീവിതത്തിന്റെ ഒരുഭാഗം തന്നെയായിരുന്നു നിങ്ങൾ. 30 വർഷത്തിലേറെയായി ഞങ്ങളെ രസിപ്പിച്ചതിന് നിങ്ങളോട് നന്ദിയുണ്ട് ദളപതി” എന്ന് വീഡിയോ പങ്കുവെച്ചുകൊണ്ട് നിർമാതാക്കൾ കുറിച്ചു.
Discussion about this post