കണ്ണൂർ : പി പി മുകുന്ദനായി കണ്ണൂർ കേന്ദ്രീകരിച്ച് ട്രസ്റ്റ് രൂപീകരിക്കണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തന്നെ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചു കൊണ്ടുവന്നത് പി പി മുകുന്ദൻ ആണ്. രാഷ്ട്രീയ ഗുരുവും തലതൊട്ടപ്പനും ആണ് അദ്ദേഹമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. കണ്ണൂർ നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ് ഹാളിൽ നടന്ന പി പി മുകുന്ദൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
ബിജെപി ദക്ഷിണ ക്ഷേത്രീയ സംഘടന സെക്രട്ടറി ആയിരുന്ന പി പി മുകുന്ദൻ കേരളത്തിലെ മാത്രമല്ല ഇന്ത്യയിലെ തന്നെ വലിയ നേതാവാണ്. 80കളിൽ തന്റെ വാടകവീട്ടിലെ സ്ഥിരം സന്ദർശകനായിരുന്നു അദ്ദേഹം. അച്ഛന്റെയും ഏട്ടന്റെയും ഒക്കെ സ്ഥാനത്തായിരുന്നു മുകുന്ദേട്ടൻ. ഒരു ദിവസം മാത്രമല്ല എന്നും അദ്ദേഹത്തെ സ്മരിക്കണം. അദ്ദേഹത്തിന്റെ സ്മരണ എന്നും നിലനിർത്തുന്നതിനായി കണ്ണൂർ ജില്ല കേന്ദ്രീകരിച്ച് ട്രസ്റ്റ് രൂപീകരിക്കണം എന്നും ചടങ്ങൽ സുരേഷ് ഗോപി അറിയിച്ചു.
പി പി മുകുന്ദൻ സ്മാരക പുരസ്കാരങ്ങൾ നൽകുന്നതിനായി ഇരുപതിനായിരം രൂപ വച്ച് 10 വർഷത്തേക്കുള്ള തുക മുൻകൂറായി തരാൻ തയ്യാറാണ് എന്നും സുരേഷ് ഗോപി അറിയിച്ചു. മകളുടെ പേരിലുള്ള ചാരിറ്റബിൾ ട്രസ്റ്റിൽ നിന്നും ഈ തുക നൽകാം എന്നും രാഷ്ട്രീയ ഭേദമന്യേ സാമൂഹിക ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ആർക്കും പുരസ്കാരം നൽകാം എന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.
Discussion about this post