ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വിവാദങ്ങളിൽ ഒന്നായ ഹാൻസി ക്രോണ്യെയുടെ ‘ഇയർഫോൺ’ വിവാദത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? 1999-ലെ ലോകകപ്പിനിടെ നടന്ന ഈ സംഭവം ക്രിക്കറ്റ് മൈതാനത്തെ സാങ്കേതികവിദ്യയുടെ ഉപയോഗത്തെക്കുറിച്ച് വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്.
1999 മെയ് 15-ന് ഇംഗ്ലണ്ടിൽ നടന്ന ദക്ഷിണാഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള ആദ്യ ഗ്രൂപ്പ് മത്സരത്തിലാണ് ഈ വിചിത്രമായ സംഭവം നടന്നത്. ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഹാൻസി ക്രോണ്യെയും പേസർ അലൻ ഡൊണാൾഡും മൈതാനത്തിറങ്ങിയത് ചെവിയിൽ ഒരു ചെറിയ ഇയർഫോൺ വെച്ചായിരുന്നു. ആരും ഇത് ശ്രദ്ധിച്ചിരുന്നില്ല.
ഡ്രസ്സിംഗ് റൂമിലിരിക്കുന്ന കോച്ച് ബോബ് വൂൾമറുമായി നേരിട്ട് ആശയവിനിമയം നടത്താനാണ് താരങ്ങൾ ഈ മാർഗ്ഗം സ്വീകരിച്ചത്. കളിയുടെ ഓരോ ഘട്ടത്തിലും ബൗളിംഗ് മാറ്റങ്ങളെക്കുറിച്ചും ഫീൽഡ് ക്രമീകരണങ്ങളെക്കുറിച്ചും കോച്ചിൽ നിന്ന് നിർദ്ദേശങ്ങൾ സ്വീകരിക്കുകയായിരുന്നു ലക്ഷ്യം. അമേരിക്കൻ ഫുട്‍ബോളിലൊക്കെ കണ്ടിട്ടുള്ള രീതിയുടെ മറ്റൊരു പതിപ്പ് ഇവിടെ പരീക്ഷിക്കുകയിരുന്നു അന്ന് പരിശീലകൻ.
എന്നാൽ സൗരവ് ഗാംഗുലി ഇത് കണ്ടെത്തുകയും അമ്പയർമാരോട് പരാതിപ്പെടുകയും ചെയ്തു. ക്രിക്കറ്റ് നിയമങ്ങളിൽ അന്ന് ഇതിനെക്കുറിച്ച് നിയന്ത്രണങ്ങൾ ഇല്ലായിരുന്നിട്ടും, സ്പിരിറ്റ് ഓഫ് ക്രിക്കറ്റിന് നിരക്കാത്തതാണെന്ന് കാണിച്ച് അമ്പയർമാർ ഇത് വിലക്കി. ഈ സംഭവം പുറത്തായതോടെ ഐസിസി കളിയിൽ പുറത്തുനിന്നുള്ള ഇലക്ട്രോണിക് സഹായങ്ങൾ ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ട് നിയമവും കൊണ്ടുവന്നു.












Discussion about this post