ക്രിക്കറ്റ് ലോകത്തെ ഏറ്റവും അവിശ്വസനീയവും കൗതുകകരവുമായ കഥകളിൽ ഒന്നാണ് ആദം ഗിൽക്രിസ്റ്റിന്റെ സ്ക്വാഷ് ബോൾ കഥ. 2007-ലെ ഐസിസി ലോകകപ്പ് ഫൈനലിൽ നടന്ന ഈ സംഭവം ഇന്നും നമുക്കൊരു കൗതുകം പോലെ തോന്നിയേക്കാം. 2007 ഏപ്രിൽ 28-ന് ബാർബഡോസിലെ ബ്രിഡ്ജ്‌ടൗണിൽ വെച്ചാണ് ഓസ്‌ട്രേലിയയും ശ്രീലങ്കയും തമ്മിലുള്ള ഫൈനൽ നടന്നത്. ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണറായ ആദം ഗിൽക്രിസ്റ്റ് അന്ന് തകർപ്പൻ ഫോമിലായിരുന്നു. വെറും 104 പന്തിൽ നിന്ന് 149 റൺസ് അടിച്ചുകൂട്ടിയ ഗിൽക്രിസ്റ്റ്, ലോകകപ്പ് ഫൈനലിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന റെക്കോർഡും സ്വന്തമാക്കി.
ബാറ്റിംഗിനിടെ ഗിൽക്രിസ്റ്റ് തന്റെ ഓരോ സെഞ്ച്വറി നേട്ടത്തിന് ശേഷവും ഇടതുകൈയിലെ ഗ്ലൗസ് കാണികളിലേക്കും ഡ്രസ്സിംഗ് റൂമിലേക്കും ഉയർത്തിക്കാട്ടുന്നുണ്ടായിരുന്നു. ഗ്ലൗസിനുള്ളിൽ എന്തോ ഒരു തടിപ്പ് ഉള്ളത് അന്ന് പലരും ശ്രദ്ധിച്ചു. മത്സരം കഴിഞ്ഞപ്പോൾ താൻ ഗ്ലൗസിനുള്ളിൽ ഒരു സ്ക്വാഷ് ബോൾ വെച്ചിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. ബാറ്റ് പിടിക്കുമ്പോൾ താഴത്തെ കൈ കൂടുതൽ മുറുകിപ്പോകുന്നത് ഒഴിവാക്കാൻ അദ്ദേഹത്തിന്റെ ബാറ്റിംഗ് കോച്ച് ബോബ് മ്യുലമാൻ നൽകിയ ഉപദേശമായിരുന്നു ഇത്.
ഗ്ലൗസിനുള്ളിൽ സ്ക്വാഷ് ബോൾ വെക്കുന്നത് വഴി ബാറ്റിന്റെ പിടിയിൽ കൈപ്പത്തി മുഴുവനായി അമരില്ല. ഇത് ബാറ്റിംഗിൽ കൂടുതൽ നിയന്ത്രണം കിട്ടാനും ഷോട്ട് കളിക്കുമ്പോൾ ബാറ്റ് കൈയിൽ നിന്ന് തിരിയാതിരിക്കാനും സഹായിച്ചു. സംഭവം പുറത്തറിഞ്ഞതോടെ ശ്രീലങ്കൻ ആരാധകരും ചില ക്രിക്കറ്റ് വിദഗ്ധരും ഇത് ചതി ആണെന്ന് ആരോപിച്ചു. എന്നാൽ ക്രിക്കറ്റ് നിയമങ്ങൾ നിർമ്മിക്കുന്ന എം.സി.സി ഇത് പരിശോധിക്കുകയും ഗിൽക്രിസ്റ്റ് ഒരു നിയമവും ലംഘിച്ചിട്ടില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.
അതേസമയം ഗിൽക്രിസ്റ്റ് പയറ്റിയ ഈ അടവ് കുറെ കാലത്തിന് ശേഷം അതെ പടി പകർത്തിനോക്കിയ ഓസ്‌ട്രേലിയയുടെ ജോർജ് ബെയ്‌ലി അതിൽ പരാജയപ്പെടുകയും റൺ നേടാൻ ബുദ്ധിമുട്ടുകയും ചെയ്തു. ചുരുക്കി പറഞ്ഞാൽ സ്ക്വാഷ് ബോൾ വെച്ചിട്ട് മാത്രം കാര്യമില്ല, കളിക്കാനും അറിയണം എന്ന് സാരം.












Discussion about this post