ആലപ്പുഴ: അപൂർവ രോഗം ബാധിച്ച കുട്ടിക്ക് ശസ്ത്രക്രിയയിലൂടെ പുതുജീവനേകി ആലപ്പുഴ മെഡിക്കൽ കോളേജ്. മെഡിക്കൽ കോളേജിലെ കുട്ടികളുടെ ശസ്ത്രക്രയ വിഭാഗമാണ് അപൂർവമായി കണ്ട് വരുന്ന ട്രൈക്കോബെസോർ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. കുട്ടിയുടെ വയറിനുള്ളിൽ ഉണ്ടായിരുന്ന മുടി ഉൾപ്പെടെയുള്ള വസ്തുക്കൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു.
വിട്ടുമാറാത്ത വയറുവേദന, ഛർദ്ദി, വയറ്റിൽ തടിപ്പ് തുടങ്ങിയ ലക്ഷണങ്ങളോടെയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് പീഡിയാട്രിക് സർജറി വിഭാഗത്തിൽ നടത്തിയ പരിശോധനയിലാണ് അപൂർവരോഗം കണ്ടെത്തിയത്. ആമാശയത്തിൽ രോമം അടിഞ്ഞ് കൂടി ഒരു മുഴ പോലെയാകുന്ന രോഗാവസ്ഥയാണ് ട്രൈക്കോബെസോർ. ഹെയർബോൾ എന്നും ഇതിന് പേരുണ്ട്. തലമുടി, നൂൽ, ക്രയോൺ മുതലായ വസ്തുക്കൾ വയറിനുള്ളിൽ ചെല്ലുമ്പോഴാണ് ഇത്തരം രോഗം ഉണ്ടാകുന്നത്.
സാധാരണ ആമാശയത്തിനുള്ളിൽ മാത്രമാണ് ഈ ഹെയർ ബോൾ കണ്ടുവരാറുള്ളത്. എന്നാൽ, ഈ കുട്ടിയുടെ കാര്യത്തിൽ പതിവിനും വ്യത്യസ്തമായി, ചെറുകുടലിലേക്കും ഹെയർബോൾ വ്യാപിച്ചിരുന്നു. 127 സെന്റീമിറ്റർ നീളമുള്ള ഹെയർബോളാണ് വയറിൽ നിന്നും നീക്കം ചെയ്തത്.
കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും രോഗം ഭേദമായി വരുന്നുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു. പീഡിയാട്രിക് വിഭാഗത്തിലെ ഡോ. ഷിനാസ് സാദിഖ്, ഡോ. ഉജ്വൽ സിംഗ് ത്രിവേദി, ഡോ. ജ്യൂഡ് ജോസഫ്, ഡോ. ഫാത്തിമ, ഡോ. അനന്തു, അനസ്‌ത്യേഷ്യ വിഭാഗത്തിലെ ഡോ. വീണ, ഡോ. ബിബി, ഡോ. അഡേ്‌ളൻ, ഡോ. ഹരികൃഷ്ണ, ഡോ. അംബിക, ഡോ. അപർണ, ഡോ. അനുരാജ്, ഗ്യാസ്‌ട്രോളജിസ്റ്റ് ഡോ. ഗോപു, നഴ്‌സിങ് വിഭാഗത്തിലെ ഷീജ, ശ്രീദേവി, ഷെറിൻ, സൂരജ്, ധന്യ, ബേബിപ്രീത, മീര, സനിത, ആശ, അഞ്ജലി, ബിന്ദുമോൾ, രമാദേവി എന്നിവരുൾപ്പെട്ട സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.
Discussion about this post