ന്യൂഡൽഹി: ശക്തമായ മഴയിൽ ലോകാത്ഭുതങ്ങളിൽ ഒന്നായ താജ് മഹൽ ചോർന്നൊലിക്കുന്നതായി റിപ്പോർട്ട്. താജ് മഹലിന്റെ പ്രധാന താഴിക കുടത്തിലാണ് ചോർച്ച കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ നിർമ്മിതിയിൽ പരിശോധന നടത്താനും നിരീക്ഷണം നടത്താനും ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
കഴിഞ്ഞ മൂന്ന് ദിവസമായി അതിശക്തമായ മഴയാണ് ആഗ്രയിൽ ലഭിക്കുന്നത്. ഇടമുറിയാതെ മഴ പെയ്യുന്ന മഴയിൽ താജ് മഹലിന് സമീപത്തെ ഉദ്യാനം പൂർണമായും വെള്ളത്തിനടിയിൽ ആയിട്ടുണ്ട്. ഇതേ തുടർന്ന് സഞ്ചാരികൾക്ക് നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനിടെയാണ് താഴികക്കുടത്തിലെ ചോർച്ച അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്.
അതേസമയം താജ് മഹലിലുണ്ടായ ചോർച്ച ആളുകളിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. നൂറ്റാണ്ടുകൾ പഴക്കമുള്ള നിർമ്മിതിയിൽ നിലവിൽ നേരിയ കേടുപാടുകൾ കണ്ടെത്തുന്നുണ്ട്. താജ് മഹൽ അപകടാവസ്ഥയിലാണെന്നാണ് സൂചന.
ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയ്ക്കാണ് താജ് മഹലിന്റെ സംരക്ഷണ ചുമതലയുള്ളത്. താജ് മഹലിലെ ചോർച്ച സംബന്ധിച്ച വാർത്തകളും വീഡിയോകളും പ്രചരിച്ചതോടെ പ്രതികരണവുമായി അധികൃതർ രംഗത്ത് എത്തിയിട്ടുണ്ട്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതർ പറയുന്നത്. തുടർച്ചയായി മഴ പെയ്യുന്നത് കൊണ്ട് വെള്ളം കിനിഞ്ഞ് ഇറങ്ങിയതാണെന്നും ഇവർ വിശദമാക്കുന്നു.
Discussion about this post