എറണാകുളം: പവർഗ്രൂപ്പ് പരാമർശത്തിൽ നടിയും നിർമ്മാതാവുമായ ഷീലു എബ്രഹാമിന് മറുപടിയുമായി നടൻ ആസിഫ് അലി. തങ്ങൾ നല്ല ഉദ്ദേശത്തോട് കൂടിയാണ് വീഡിയോ ചെയ്തത് എന്നും, സിനിമകളെ തഴഞ്ഞിട്ടില്ലെന്നും നടൻ പറഞ്ഞു. പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നടൻ.
താനും, ടൊവിനോയും, ആന്റണിയും സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മൂന്ന് സ്ഥലങ്ങളിൽ ആയിരുന്നു. ഇതിനിടെയാണ് ഇത്തരത്തിൽ ഒരു വീഡിയോ ചെയ്താലോ എന്ന ചിന്ത കടന്നുവരുന്നത്. തങ്ങളുടെ മൂന്ന് പേരുടെ സിനിമകൾ മാത്രമാണ് ഉൾപ്പെടുത്തിയത്. ഇത് തെറ്റാണെന്ന് മനസിലാക്കുന്നു. എന്നാൽ ഇതിലൂടെ മറ്റ് സിനിമകളെ തഴഞ്ഞിട്ടില്ല.
തികച്ചും പോസിറ്റീവ് ആയിരുന്നു തങ്ങളുടെ ഉദ്ദേശം. ഇത്തരത്തിൽ നെഗറ്റീവ് ആയി വ്യാഖ്യാനിക്കും എന്ന് അറിയില്ലായിരുന്നു. നമുക്ക് മാർക്കറ്റ് ചെയ്യാനേ കഴിയുകയുള്ളൂ. എന്നാൽ ഇത് സിനിമ കാണണം എന്നത് പ്രേഷകരുടെ തീരുമാനം ആണ്. പേര് പറഞ്ഞില്ലെന്ന് വച്ച് ആ സിനിമകൾ മോശമാണെന്ന് അർത്ഥമില്ല. മറ്റ് സിനിമകൾ വിട്ട് പോയതിൽ വിഷമം ഉണ്ടെന്നും ആസിഫ് അലി പറഞ്ഞു.
ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു മൂന്ന് യുവ നടന്മാരും പരസ്പരം സിനിമകൾ പ്രമോട്ട് ചെയ്യുന്ന വീഡിയോ പങ്കുവച്ചത്. എന്നാൽ ഇതിന് പിന്നാലെ സിനിമയിലെ പവർ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നത് എങ്ങിനെയെന്ന് നടന്മാർ കാണിച്ച് തന്നുവെന്ന് ഷീലു വിമർശിക്കുകയായിരുന്നു. മറ്റ് ഓണം റിലീസ് ചിത്രങ്ങൾ നടന്മാർ തഴഞ്ഞുവെന്നും നടി ആക്ഷേപം ഉന്നയിച്ചു.
Discussion about this post