തിരുവനന്തപുരം: ജില്ലയുടെ വികസന സാദ്ധ്യതകൾ തുറന്ന് പറഞ്ഞ് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വെള്ളായണിയിൽ പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തുപുരത്ത് നിന്നും ജയിച്ച് പോയ എത്ര എംപിമാർക്കാണ് വെള്ളായണിയിൽ ബണ്ട് നിർമ്മിക്കാൻ കഴിഞ്ഞോ എന്നും സുരേഷ് ഗോപി ചോദിച്ചു.
ഗ്രാമം ദത്തെടുത്ത് വികസനം കൊണ്ട് വരാൻ കേരളത്തിലെ എത്ര എംപിമാർക്ക് കഴിഞ്ഞു. ഏതൊക്കെ ഗ്രാമങ്ങൾ ആരൊക്കെ ദത്തെടുത്തു. ഒരിക്കൽ തന്റെ കൺമുൻപിൽവച്ചാണ് ബണ്ട് പൊട്ടി വെള്ളം കയറി അര കോടി രൂപയുടെ ചച്ചക്കറികൾ നശിച്ചത്. തുടർന്ന് അവിടെയൊരു പുതിയ ബണ്ട് 50 ലക്ഷം രൂപ ചിലവിട്ട് താൻ നിർമ്മിച്ച് നൽകിയെന്നും സുരേഷ് ഗോപി പറഞ്ഞു.
തിരുവനന്തപുരത്ത് ടൂറിസത്തിൽ നവസംവിധാനങ്ങൾ ഒരുങ്ങി വരണം. വർക്കലയും കോവളവും മാത്രമല്ല മുഴുപ്പിലങ്ങാട് ബീച്ചും നവീകരിക്കപ്പെടണം. പക്ഷെ ഇതുവരെ ആർക്കെങ്കിലും അതിന് കഴിഞ്ഞുവോ?. പുതിയ ടൂറിസം ലൊക്കേഷനുകൾ കണ്ടെത്താൻ ശ്രമിക്കുകയാണ്. അതിന് സർക്കാരിന്റെ പിന്തുണയുണ്ടാകണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിഴിഞ്ഞം പോർട്ടിലേക്ക് വരുന്ന വലിയ വാഹിനികൾക്ക് ശുദ്ധജലം നൽകേണ്ട ഉത്തരവാദിത്തം കൂടി വെള്ളായണി കായലിന് ഉണ്ട്. അതുകൊണ്ട് തന്നെ അതിന്റെ ശേഷി വർദ്ധിപ്പിക്കണം. സർക്കാർ അനുവദിച്ചാൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ശുദ്ധജല തടാകമാക്കി മാറ്റാൻ പദ്ധതിയുണ്ട്. 800 കോടി രൂപയുടെ പദ്ധതിയാണ് ഇവിടെ സജ്ജീകരിച്ച് വച്ചിട്ടുള്ളത്. ഇത് പൂർത്തിയായാൽ വെള്ളായണി കായൽ കേരളത്തിന്റെ സ്വർണ തിലകക്കുറി ആയി മാറുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
Discussion about this post