കൊല്ലം: മൈനാഗപ്പള്ളിയിൽ മദ്യലഹരിയിൽ വാഹനം ഓടിച്ച് വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അജ്മലിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. അജ്മലിന്റെ പേരിൽ ചന്ദനക്കടത്ത് ഉൾപ്പെടെ എട്ടോളം കേസുകൾ ഉണ്ടെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. അതേസമയം അജ്മലിനൊപ്പം വാഹനത്തിൽ ഉണ്ടായിരുന്ന വനിതാ ഡോക്ടർ ശ്രീക്കുട്ടിയെ ജോലിയിൽ നിന്നും പുറത്താക്കി.
മോഷണം, പൊതുമുതൽ നശിപ്പിക്കൽ, വഞ്ചന, തുടങ്ങിയവയ്ക്കാണ് മറ്റ് കേസുകൾ. സ്ഥിരം കുറ്റവാളിയാണെന്ന് കണ്ടെത്തിയതോടെ അജ്മലിനെതിരെ നരഹത്യാക്കുറ്റം ചുമത്തിയാണ് പോലീസ് കേസ് എടുത്തിട്ടുള്ളത്. ഒപ്പമുണ്ടായിരുന്ന ശ്രീക്കുട്ടിയും കേസിൽ പ്രതിയാണ്. . സംഭവത്തിൽ ഇരുവർക്കുമെതിരെ മനുഷ്യാവകാശ കമ്മീഷനും കേസ് എടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് സുഹൃത്തിന്റെ വീട്ടിൽ പാർട്ടി കഴിഞ്ഞ് വരുന്നതിനിടെ അജ്മലും ശ്രീക്കുട്ടിയും സഞ്ചരിച്ച കാർ വീട്ടമ്മയെ ഇടിച്ചിട്ടത്. സ്‌കൂട്ടറിൽ റോഡ് മുറിച്ച് കടക്കാൻ ശ്രമിച്ച മൈനാഗപ്പള്ളി സ്വദേശിനികളായ കുഞ്ഞുമോൾ ബന്ധു ഫൗസിയ എന്നിവരെയായിരുന്നു വാഹനം ഇടിച്ചത്. സംഭവം കണ്ട് ആളുകൾ ഓടിക്കൂടിയതോടെ കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാറോടിച്ച് കയറ്റി ഇവർ രക്ഷപ്പെടുകയായിരുന്നു. സാരമായി പരിക്കേറ്റ കുഞ്ഞുമോളെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
Discussion about this post