കൊല്ലം: മൈനാഗപ്പളളിയിൽ മദ്യലഹരിയിൽ വീട്ടമ്മയെ ശരീരത്തിലൂടെ കാറോടിച്ച് കയറ്റി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കരുനാഗപ്പള്ളി സ്വദേശി അജ്മൽ, നെയ്യാറ്റിൻകര സ്വദേശിനി ഡോ. ശ്രീക്കുട്ടി എന്നിവരുടെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയത്. ഇരുവരെയും വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും.
വൈകീട്ടോടെയായിരുന്നു പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. പോലീസ് കസ്റ്റഡിയിൽ എടുത്ത ശ്രീക്കുട്ടിയെ പ്രാഥമിക ചോദ്യം ചെയ്യലിന് വിധേയയാക്കിയിരുന്നു. ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷമാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവർക്കെതിരെ നരഹത്യക്കുറ്റം ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഇന്നലെയാണ് വീട്ടമ്മയെ അജ്മൽ വാഹനം ശരീരത്തിലൂടെ കയറ്റിയിറക്കി കൊലപ്പെടുത്തിയത്. സുഹൃത്തിന്റെ വീട്ടിൽ നിന്നും പാർട്ടിയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന ഇരുവരും മദ്യലഹരിയിൽ ആയിരുന്നു. സ്‌കൂട്ടർ യാത്രികയായ മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾ ആണ് മരിച്ചത്. സ്‌കൂട്ടറിൽ റോഡ് ക്രോസ് ചെയ്യുകയായിരുന്ന കുഞ്ഞുമോളെയും കൂടെയുണ്ടായിരുന്ന ഫൗസിയയെും ഇവരുടെ വാഹനം ഇടിച്ച് തെറുപ്പിക്കുകയായിരുന്നു. ഇത് കണ്ട് നാട്ടുകാർ ഓടിക്കൂടി. ഇതോടെ അജ്മൽ കുഞ്ഞുമോളുടെ ശരീരത്തിലൂടെ വാഹനം ഓടിച്ച് രക്ഷപ്പെടുകയായിരുന്നു.
Discussion about this post