കൊല്ലം: മൈനാഗപ്പള്ളിയിൽ വീട്ടമ്മയെ ശരീരത്തിലൂടെ കാറോടിച്ച് കയറ്റി കൊലപ്പെടുത്തിയ സംഭവത്തിൽ ഒന്നാം പ്രതിയായ അജ്മലിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവ സമയം കാറിലുണ്ടായിരുന്ന വനിതാ ഡോക്ടർ ശ്രീക്കുട്ടിയുമായി രണ്ട് മാസത്തെ പരിചയം മാത്രമാണ് അജ്മലിന് ഉള്ളതെന്നാണ് പോലീസ് പറയുന്നത്. എന്നാൽ ഈ ചുരുങ്ങിയ കാലയളവിൽ 8 ലക്ഷം രൂപ ശ്രീക്കുട്ടിയിൽ നിന്നും അജ്മൽ സ്വന്തമാക്കിയിട്ടുണ്ട്.
ഇന്നലെ ശ്രീക്കുട്ടിയെ വിശദമായി ചോദ്യം ചെയ്തിരുന്നു. അപ്പോഴാണ് ശ്രീക്കുട്ടി എട്ട് ലക്ഷം രൂപ നൽകിയ വിവരവും അജ്മലിനെ പരിചയപ്പെട്ടത് എങ്ങിനെയാണെന്നും പോലീസിനോട് പറഞ്ഞത്. രണ്ട് മാസം മുൻപ് അജ്മൽ ചികിത്സയ്ക്കായി ശ്രീക്കുട്ടിയുടെ ആശുപത്രിയിൽ എത്തിയിരുന്നു. ഇവിടെ വച്ചാണ് ഇരുവരു പരിചയത്തിലാകുന്നത്. ഇത് പിന്നീട് സൗഹൃദം ആകുകയായിരുന്നു. ഈ സൗഹൃദം മുതലെടുത്താണ് അജ്മൽ ശ്രീക്കുട്ടിയിൽ നിന്നും പണം ആവശ്യപ്പെട്ടത്. എട്ട് ലക്ഷത്തിലധികം തുക അജ്മൽ കൈപ്പറ്റിയിട്ടുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ഇക്കാര്യം സ്ഥിരീകരിക്കാൻ ശ്രീക്കുട്ടിയുടെ അക്കൗണ്ട് വിവരങ്ങൾ പരിശോധിക്കുകയാണ്.
നിലവിൽ ഇരുവരും അറസ്റ്റിലാണ്. കോടതിയിൽ ഹാജരാക്കിയ ഇവരെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു. ഇവരെ കസ്റ്റഡിയിൽ എടുത്ത് തെളിവെടുപ്പും വിശദമായ മൊഴിയെടുക്കലും പൂർത്തിയാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇതിനായി കസ്റ്റഡി അപേക്ഷ നൽകും. ഇന്നലെയാണ് മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോളെ കാറ് കയറ്റിക്കൊന്ന സംഭവത്തിൽ ഇരുവരെയും അറസ്റ്റ് ചെയ്തത്.
Discussion about this post