തിരുവനന്തപുരം: സിനിമയെ നിയന്ത്രിച്ചിരുന്ന ശക്തികൾ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ടെന്ന് നടൻ ജഗദീഷ്. പവർ ഗ്രൂപ്പുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തോട് ആയിരുന്നു നടന്റെ പ്രതികരണം. ഇവർക്ക് പവർ ഗ്രൂപ്പ് എന്ന പേരിനെക്കാളും നന്നായി ചേരുക സ്വാധീന ശക്തിയെന്ന വാക്കാണെന്നും നടൻ പറഞ്ഞു. സ്വകാര്യമാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ജഗദീഷിന്റെ പ്രതികരണം.
ഓരോ കാലത്തും ഹിറ്റ് മേക്കേഴ്‌സ് സിനിമയിൽ ഉണ്ടാകും. തുടർച്ചയായി വിജയിച്ച് നിൽക്കുന്ന നടനാണെങ്കിലും സംവിധായകൻ ആണെങ്കിലുമെല്ലാം സിനിമയെ സ്വാധീനിക്കാം. അഞ്ച് സിനിമകൾ ഹിറ്റായ ഒരു സംവിധായകന്റെ വാക്കിന് ആയിരിക്കും മേഖലയിൽ മൂല്യം കൂടുതൽ ഉണ്ടാകുക. അതുപോലെ തന്നെയാണ് നടന്മാരുടെ കാര്യവും. കൂടുതൽ ചിത്രങ്ങൾ വിജയിച്ച നടന്മാരുടെ വാക്കുകൾക്കും മൂല്യം കൂടും.
സ്വാധീന ശക്തിയെന്ന് ഇവരെ വിശേഷിപ്പിക്കുന്നതാകും കൂടുതൽ ഉചിതം. പക്ഷെ സ്വന്തം പ്രൊജക്ട് വിജയിക്കാൻ മറ്റുള്ളവരുടെ പ്രൊജക്ടുകളിൽ ഇവർ നടത്തുന്ന ഇടപെടൽ കുഴപ്പമാണ്. വിജയത്തിന്റെ കൂടെ നിൽക്കുന്നവർ എല്ലായ്‌പ്പോഴും പ്രബലർ ആണെന്നും ജഗദീഷ് കൂട്ടിച്ചേർത്തു.
പവർഗ്രൂപ്പിനെയല്ലെ കവർ ഗ്രൂപ്പിനെയാണ് ശരിക്കും നമ്മൾ സൂക്ഷിക്കേണ്ടത്. ഒളിഞ്ഞ് നിന്ന് ആരോപണങ്ങൾ ഉന്നയിക്കുന്നവരാണ് ഈ കവർഗ്രൂപ്പിൽ പെടുന്നവർ. ഒരാളെ തകർക്കാൻ അയാളെക്കുറിച്ച് മോശം പറഞ്ഞ് പരത്തും. കുറ്റം പറഞ്ഞുകൊണ്ടിരിക്കും. അങ്ങനെയൊരു സംഘമുള്ളതായി തോന്നിയിട്ടുണ്ടെന്നും ജഗദീഷ് പറഞ്ഞു.
Discussion about this post