ബംഗളൂരു: വിവാഹശേഷം യുവാവിന് മറ്റൊരാളുടെ വിവാഹഫോട്ടോയും വീഡിയോയും കൈമാറിയ സംഭവത്തിൽ വെഡ്ഡിംഗ് സ്റ്റുഡിയോ അധികൃതർ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്. ആന്ധ്രാപ്രദേശ് സ്വദേശിയും ബംഗളൂരുവിലെ എന്‍ആര്‍ഐ ലേഔട്ടിലെ താമസക്കാരനുമായ ആര്‍ പ്രസന്നകുമാര്‍ റെഡ്ഡി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.
ആന്ധ്രാപ്രദേശില്‍ പ്രവര്‍ത്തിക്കുന്ന ഐ ഫോട്ടോ സ്റ്റുഡിയോ ഉടമസ്ഥന്‍ നാഗേഷ് ബന്ദപിയോടാണ് നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടത്.
2021 ഡിസംബര്‍ 29നായിരുന്നു പ്രസന്നകുമാറിന്റെ വിവാഹം. വിവാഹച്ചടങ്ങ് ചിത്രീകരിക്കുന്നതിനായി പ്രസന്നകുമാര്‍ നാഗേഷുമായി വിവാഹത്തിന് മുമ്പ് കരാറിലേര്‍പ്പെടുകയും 40,000 രൂപ മുന്‍കൂറായി നല്‍കുകയും ചെയ്തതായി ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍, വിവാഹത്തിന് ശേഷം നാഗേഷ് ഫോട്ടോ ആല്‍ബവും സിഡിയും കൃത്യസമയത്ത് പ്രസന്ന കുമാറിന് നല്‍കിയില്ല. ഏറെ നാളുകള്‍ക്ക് ശേഷം ഫോട്ടോ ആല്‍ബവും സിഡിയും നാഗേഷ് പ്രസന്ന കുമാറിന് നല്‍കി. എന്നാല്‍ സ്റ്റുഡിയോ അധികൃതര്‍ നല്‍കിയ സിഡിയില്‍ മറ്റൊരാളുടെ വിവാഹ ചിത്രങ്ങളും വീഡിയോയുമാണ് ഉണ്ടായിരുന്നത്. ഹാര്‍ഡ് ഡിസ്‌ക് തകരാറിനെത്തുടര്‍ന്ന് യഥാര്‍ത്ഥ വീഡിയോകളും എഡിറ്റ് ചെയ്ത വീഡിയോ ഫയലുകളും നഷ്ടപ്പെട്ടുവെന്ന് സമ്മതിക്കുകയും ചെയ്തു. ഇതിനെത്തുടർന്ന് പ്രസന്നകുമാര്‍ നാഗേഷിനെതിരേ വക്കീല്‍ നോട്ടീസ് അയച്ചു. എന്നാല്‍ വിവാഹച്ചടങ്ങുകള്‍ ചിത്രീകരിക്കുന്നത് സംബന്ധിച്ച് കരാറില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും പ്രസന്നകുമാര്‍ മുഴുവന്‍ തുകയും നല്‍കിയിട്ടില്ലെന്നും 34,000 രൂപ ഇനിയും നല്‍കാനുണ്ടെന്നും നാഗേഷ് മറുപടിയില്‍ വ്യക്തമാക്കി.
വരന്റെ ഹർജി പരിഗണിച്ച കോടതി സ്റ്റുഡിയോയോട് വരൻ കൈമാറിയ തുകയിൽ 20000 രൂപ മടക്കി നല്‍കാനും 5000 രൂപ നഷ്ടപരിഹാരമായി നല്‍കാനും ആവശ്യപ്പെട്ടു.
Discussion about this post