തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിന്റെ നടപ്പന്തൽ കേക്ക് മുറിയ്ക്കാനുള്ള സ്ഥലം അല്ലെന്ന് ഹൈക്കോടതി. ക്ഷേത്രത്തിൽ അഹിന്ദുക്കൾക്ക് പ്രവേശനം അനുവദിക്കരുതെന്ന ഹർജി പരിഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ പരാമർശം. ക്ഷേത്ര നടപ്പന്തലിൽ വീഡിയോഗ്രാഫിയ്ക്കും കോടതി നിയന്ത്രണം ഏർപ്പെടുത്തി.
അടുത്തിടെ ക്ഷേത്രത്തിന്റെ നടപ്പന്തലിൽ വച്ച് ജെസ്‌ന സലീം എന്ന യുവതി കേക്ക് മുറിച്ചിരുന്നു. ഇത് ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു അഹിന്ദുക്കൾക്ക് പ്രവേശനം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതിയ്ക്ക് മുൻപിൽ എത്തിയത്.
ഹെക്കോടതിയുടെ ഉത്തരവ് അനുസരിച്ച് ഇനി മുതൽ നടപ്പന്തലിൽ വിവാഹ ചടങ്ങുകൾക്കും മറ്റ് മതപരമായ ചടങ്ങുകൾക്കും മാത്രമാണ് ഇനി വീഡിയോഗ്രാഫി അനുവദിക്കുക. സെലിബ്രിറ്റികളെ അനുഗമിച്ചുകൊണ്ട് വ്‌ളോഗർമാർ വീഡിയോ എടുക്കുന്നതിനും വിലക്കുണ്ട്. കേക്ക് മുറിച്ച സംഭവത്തെ ഗൗരവത്തിൽ എടുത്ത ഹൈക്കോടതി രൂക്ഷമായ ഭാഷയിൽ ആയിരുന്നു വിമർശിച്ചത്. ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, പി ജി അജിത് കുമാർ എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
അഭിഭാഷകനായ ആർ കൃഷ്ണരാജ് മുഖാന്തിരം രണ്ട് പേരാണ് ഗുരുവായൂർ ക്ഷേത്രത്തിൽ അഹിന്ദുക്കൾക്ക് പ്രവേശനം അനുവദിക്കരുതെന്ന് ചൂണ്ടിക്കാട്ടി ഹർജി സമർപ്പിച്ചത്. ഹിന്ദു ആരാധനലായങ്ങളുമായി ബന്ധപ്പെട്ട ചട്ടങ്ങൾ മറികടന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി സമർപ്പിച്ചത്. നേരത്തെ ഗുരുവായൂർ ക്ഷേത്ര പരിസരത്ത് ഒരാളുമായി വഴക്കിടുന്ന വീഡിയോയും കോടതി മുൻപാകെ ഹർജിക്കാർ സമർപ്പിച്ചിരുന്നു.
Discussion about this post