ന്യൂഡൽഹി: ചന്ദ്രയാൻ ദൗത്യത്തിന്റെ തുടർവിജയത്തിനു ശേഷം ശുക്രഗ്രഹത്തെക്കുറിച്ച് പഠിക്കാൻ ഒരുങ്ങി ഇന്ത്യ. ഐ.എസ്.ആർ.ഒ.യുടെ ആദ്യ ശുക്രദൗത്യത്തിനുള്ള പദ്ധതി കേന്ദ്രമന്ത്രിസഭായോഗം അംഗീകരിച്ചു. 1236 കോടി രൂപയുടെ പദ്ധതിയാണ് ഒരുങ്ങുന്നത്.
1236 കോടി രൂപയില്‍ 824 കോടി ബഹിരാകാശ പേടകം വികസിപ്പിക്കുന്നതിനാണ്. 2028 മാർച്ചിൽ പേടകത്തെ ശുക്രനിലേക്ക് അയക്കുകയാണ് ഐ.എസ്.ആർ.ഒ.യുടെ ലക്ഷ്യം. ‘വീനസ് ഓർബിറ്റർ മിഷൻ’ എന്ന പേരിലുള്ള ദൗത്യത്തിന്റെ ഭാഗമായി ശുക്രന്റെ ഉപരിതലം, അന്തർഭാഗം, അന്തരീക്ഷസ്ഥിതി, ശുക്രഗ്രഹത്തിൽ സൂര്യന്റെ സ്വാധീനം തുടങ്ങിയവയെല്ലാം പഠിക്കും. ഭൂമിയോട് ഏറ്റവുമടുത്ത് കിടക്കുന്ന ഗ്രഹമാണ് ശുക്രന്‍. അതുകൊണ്ട് തന്നെ, ശുക്രനിൽ, ഭൂമിയിലേതിനു സമാനമായ സ്ഥിതിയുള്ളതായാണ് കരുതപ്പെടുന്നത്.
അതേസമയം, ഇന്ത്യയുടെ ചാന്ദ്രയാൻ 4 ദൗത്യത്തിനായി കേന്ദ്രസർക്കാർ പച്ചക്കൊടി കാണിച്ചു കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ചാന്ദ്രയാൻ 4 ദൗത്യം ആരംഭിക്കാൻ അനുമതി ലഭിച്ചത്. ചന്ദ്രനിൽ നിന്നും പഠനാവശ്യത്തിനായുള്ള മണ്ണും പാറക്കല്ലുകളും മറ്റ് സാമ്പിളുകളും ശേഖരിക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ചാന്ദ്രയാൻ 4 ദൗത്യം.
ചാന്ദ്രയാൻ 3 ദൗത്യം വലിയ വിജയമായതിന് പിന്നാലെ തന്നെ ചാന്ദ്രയാൻ 4 ദൗത്യം ലക്ഷ്യമിടുന്നതായി ഐഎസ്ആർഒ അറിയിച്ചിരുന്നു. ഇതിനാണ് കേന്ദ്രത്തിന്റെ പിന്തുണ ലഭിച്ചിരിക്കുന്നത്. ബജറ്റിൽ ഇതിനായി 2,104.06 കോടി രൂപയും സർക്കാർ വകയിരുത്തിയിട്ടുണ്ട്. ഇതുവരെ രാജ്യം നടത്തിയ ചാന്ദ്രപര്യവേഷണ ദൗത്യങ്ങളിൽ ഏറ്റവും നിർണായകം ആയിരിക്കും ചാന്ദ്രയാൻ4.
Discussion about this post