അന്ന സെബാസ്റ്റ്യൻ പേരയിൽ എന്ന 26 കാരിയായ ചാർട്ടേർഡ് അക്കൗണ്ടന്റിന്റെ മരണം ദേശീയ തലത്തിൽ ചർച്ചയായിരിക്കുകയാണ്. ജോലിഭാരവും അത് ജീവനക്കാരിൽ ഏൽപ്പിക്കുന്ന മാനസിക ആഘാതവും വലിയരീതിയിലാണ് ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത്. ഈ സംഭവം ചർച്ചയാവുന്നതിനോടൊപ്പം ജോലിക്ക് വേണ്ടി ഇന്റർവ്യൂവിന് ഇരുന്ന് ജീവിതം വെറുത്ത് പോയെന്ന് ഒരു യുവാവ് വെളിപ്പെടുത്തുന്ന കുറിപ്പും ശ്രദ്ധ നേടുന്നുണ്ട്.
റെഡ്ഡിറ്റിലാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. 15 മണിക്കൂർ ഒരു ജോലി ഇന്റർവ്യൂ നീണ്ടുനിന്നു എന്നാണ് പോസ്റ്റിൽ പറയുന്നത്. SaaS-അധിഷ്ഠിത കമ്പനിയായ UKG (യുണൈറ്റഡ് ക്രോണോസ് ഗ്രൂപ്പ്) -ലേക്കുള്ള ഇന്റർവ്യൂവിനെ കുറിച്ചാണ് റെഡ്ഡിറ്റ് യൂസർ കുറിച്ചത്. 5 റൗണ്ടുകളിലായി 15 മണിക്കൂറിലധികം നീണ്ടുനിന്ന ഇന്റർവ്യൂവാണ് ഉണ്ടായത് എന്നാണ് ഇയാൾ പറയുന്നത്.
രാവിലെ 9 മണി മുതൽ രാത്രി 12.30 വരെയാണ് ഈ അഭിമുഖം നീണ്ടുനിന്നത്. ഇന്റർവ്യൂവിനുള്ള ഷോർട്ട്ലിസ്റ്റ് തലേദിവസമാണ് എത്തിയത്. തന്റെ കോളേജിൽ നിന്ന് ഇന്റർവ്യൂവിന് തിരഞ്ഞെടുത്ത എട്ട് പേരിൽ തന്റെ പേരും കണ്ടതിൽ സന്തോഷം തോന്നി. 8 മണിക്കാണ് കോളേജിൽ എത്താൻ പറഞ്ഞത്. ഇന്റർവ്യൂവിനുള്ള തയ്യാറെടുപ്പുകൾ നടത്തിയതിനാൽ തലേദിവസം ശരിക്കും ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. PPT (Pre Placement Talk) 9 മണിക്ക് തുടങ്ങി. ഇത് ഒരു മണിക്കൂർ നീണ്ടുനിന്നു. പിന്നീട്, 2 സാങ്കേതിക റൗണ്ടുകൾ, 1 ഡയറക്ടറൽ റൗണ്ട്, 1 മാനേജർ റൗണ്ട്, 1 HR റൗണ്ട് എന്നിവയും ഉണ്ടായി എന്നും യുവാവ് പറയുന്നു.
എത്ര മണിക്കാണ് തന്റെ ഓരോ അഭിമുഖങ്ങളും ഉണ്ടായതെന്നും യുവാവ് കുറിച്ചിട്ടുണ്ട്. അവസാനം തനിക്ക് മാത്രം അതിൽ ജോലി ലഭിച്ചില്ല എന്നും ഇത്രയും നീണ്ടുനിന്ന അഭിമുഖം തന്നെ ഒരുപാട് ബുദ്ധിമുട്ടിച്ചുവെന്നും യുവാവ് പറയുന്നു.
Discussion about this post