തിരുവനന്തപുരം: വിവാദങ്ങൾക്കിടെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മാദ്ധ്യമങ്ങളെ കാണും. രാവിലെ 11 മണിയ്ക്കാണ് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്. അതേസമയം തൃശ്ശൂർ പൂരം അലങ്കോലമാക്കിയത് സംബന്ധിച്ച റിപ്പോർട്ട് ഇന്ന് എഡിജിപി എംആർ അജിത് കുമാർ മുഖ്യമന്ത്രിയ്ക്ക് കൈമാറും.
എം ആർ അജിത് കുമാറിനും പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കുമെതിരെ ഗുരുതര ആരോപണങ്ങൾ ഉയരുകയും ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾ പുകയുകയുമാണ്. ഇതിനിടെയാണ് മുഖ്യമന്ത്രി മാദ്ധ്യമങ്ങളെ കാണുന്നത്. അജിത് കുമാറിനെതിരെ നടപടി സ്വീകരിക്കാത്തതിൽ പാർട്ടിയ്ക്കുള്ളിൽ തന്നെ ശക്തമായ വിമർശനം ഉയരുന്നുണ്ട്. ഇതിനിടെയുള്ള മുഖ്യമന്ത്രിയുടെ പ്രതികരണങ്ങളെ ആകാംഷയോടെ ഉറ്റുനോക്കുകയാണ് ജനങ്ങളും പ്രതിപക്ഷവും.
തൃശ്ശൂർ പൂരം അലങ്കോലമാക്കിയതിൽ ശക്തമായ വിമർശനം ഉയർന്നതോടെയാണ് മുഖ്യമന്ത്രി റിപ്പോർട്ട് തേടിയത്. സംഭവം ഉണ്ടായി നാല് മാസം കഴിഞ്ഞാണ് റിപ്പോർട്ട് സമർപ്പിക്കുന്നത് എന്നതാണ് ശ്രദ്ധേയം. എം.ആർ.അജിത് കുമാറിന് തൃശ്ശൂരിന്റെ ചുമതലയുണ്ടായിരുന്നപ്പോഴായിരുന്നു തൃശ്ശൂർ പൂരത്തിനിടെ പോലീസ് ഇടപെടൽ ഉണ്ടായി ചടങ്ങുകൾ അലങ്കോലപ്പെട്ടത്.
Discussion about this post