കൊല്ലം: മലയാളസിനിമയിൽ തിളങ്ങുന്നതിനു മുമ്പ് തന്നെ നാടകത്തിലും തന്റേതായ സ്ഥാനം ഉറപ്പിച്ച നടിയാണ് കവിയൂർ പൊന്നമ്മ. കൊല്ലത്തെ കാളിദാസകലാകേന്ദ്രത്തിനും കവിയൂർ പൊന്നമ്മയുടെ നാടക കാലത്തില്‍ പ്രമുഖസ്ഥാനമുണ്ട്.
ഒ.മാധവന്റെ ഭാര്യയും കാളിദാസകലാകേന്ദ്രത്തിന്റെ സർവസ്വവുമായ വിജയകുമാരിയുടെ ഓർമക്കുറിപ്പുകളിലെ കവിയൂർ പൊന്നമ്മയെ കുറിച്ച് അവരെഴുതിച്ചേർത്തിട്ടുണ്ട്.
‘കലാകേന്ദ്രത്തിന്റെ നാടകം ‘ഡോക്ടർ’ കോവളത്ത് അരങ്ങേറാനായി ട്രൂപ്പ് എത്തി. കവിയൂർ പൊന്നമ്മ അല്പം വൈകുമെന്നു പറഞ്ഞിരുന്നു. മേക്കപ്പ് തുടങ്ങി. സംഘാടകർ വന്ന് കൃത്യം ഒൻപതിനുതന്നെ നാടകം തുടങ്ങണമെന്നു പറഞ്ഞു. അല്പമെങ്കിലും വൈകിയാൽ കാണികൾ പ്രശ്നമുണ്ടാക്കും.
പൊന്നമ്മ വരുമെന്നു കരുതി. ബാക്കിയെല്ലാവരും മേക്കപ്പ് പൂർത്തിയാക്കി. ഒൻപതിന് പത്തുമിനിറ്റ്… രണ്ടുമിനിറ്റ് നാടകം തുടങ്ങാൻ… സംഘാടകരുടെ ഭീഷണി. കാര്യംപറഞ്ഞ് രക്ഷപ്പെടാമെന്ന് വിജയകുമാരി.
ടെൻഷനിലാണെങ്കിലും പുറത്തു കാണിക്കാതെ എന്തോ ആലോചിച്ച് ഉറപ്പിച്ചപോലെ ഒ.മാധവനും. ഒടുക്കം ഫസ്റ്റ്ബെൽ കൊടുക്കാൻ പറഞ്ഞു. അഭിനയം അരങ്ങത്ത് നടക്കുമ്പോഴും മനസ്സും കണ്ണും പൊന്നമ്മ വരുന്നുണ്ടോയെന്നതിലായി. രണ്ടാംരംഗത്തിൽ എട്ടുമിനിറ്റ് കഴിയുമ്പോഴേക്കും പൊന്നമ്മയുടെ ഡോ. ജയശ്രീ രംഗത്തെത്തണം. പ്രധാനകഥാപാത്രവുമാണ്. അത് മാറ്റാനും പറ്റില്ല.
രണ്ടാംരംഗത്തിന് തിരശ്ശീല ഉയർന്നിട്ടും പൊന്നമ്മയെ കാണാനില്ല. മാധവൻ തന്റെ സഹായിയെ ചട്ടംകെട്ടി. കുറച്ച് മണ്ണെണ്ണയും തീപ്പെട്ടിയും കൊടുത്തു. ഗ്രീൻ റൂമിന് തീകൊളുത്തുക. തീപ്പിടിത്തം കാരണം നാടകം കളിക്കാൻ പറ്റിയില്ല. അങ്ങിനെ രക്ഷപ്പെടാം.
കൊളുത്താനായി തീപ്പെട്ടിയെടുക്കുമ്പോഴേക്കും മാധവൻ ഓടിയെത്തി. വേണ്ട… വേണ്ട പൊന്നമ്മയെത്തി. കാറിൽ ഗ്രീൻറൂമിനരികിൽ പൊന്നമ്മ ഡോക്ടറുടെ മേക്കപ്പോടെതന്നെ വന്നിറങ്ങി നേരേ സ്റ്റേജിലേക്ക് കയറി. പിന്നെ അരങ്ങ് കൊഴുത്തു.
നാടകം കഴിഞ്ഞതും അഭിനന്ദനപ്രവാഹവും. ഓർമയിലെന്നും ഈ സംഭവം വിജയകുമാരിയുടെ മനസ്സിലുണ്ട്. കാളിദാസകലാകേന്ദ്രത്തിന്റെ നാടകത്തിലൂടെ കണ്ട പൊന്നമ്മയുടെ അഭിനയപ്രതിഭ കൊല്ലത്തെ പഴയ തലമുറയുടെ മനസ്സിലുമുണ്ട്’- വിജയകുമാരി കുറിച്ചു.
Discussion about this post