കൊല്ലം: മൈനാഗപ്പള്ളിയിൽ ശരീരത്തിലൂടെ കാർ കയറ്റിയിറക്കി കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി അജ്മലിനെതിരെ രണ്ടാം പ്രതി ശ്രീക്കുട്ടി. അജ്മൽ നിർബന്ധിച്ച് മദ്യം നൽകുകയായിരുന്നുവെന്നാണ് ശ്രീക്കുട്ടി പോലീസിനോട് പറഞ്ഞത്. ട്രാപ്പിൽ പെട്ട് പോയി എന്നും ശ്രീക്കുട്ടി പോലീസിനോട് പറഞ്ഞു. അതേസമയം ശ്രീക്കുട്ടി ആവശ്യപ്പെട്ടത് പ്രകാരം ആണ് മദ്യം നൽകിയത് എന്നാണ് അജ്മൽ പറയുന്നത്.
തന്റെ 13 പവന്റെ ആഭരണങ്ങളും 20,000 രൂപയും അജ്മലിന് നൽകിയിട്ടുണ്ട്. മദ്യം വേണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നില്ല. തനിക്ക് നിർബന്ധപൂർവ്വം മദ്യം നൽകുകയാണ് ചെയ്തത്. സമ്മർദ്ദം സഹിക്കാതെ വന്നപ്പോൾ താൻ മദ്യം കഴിച്ചു. ട്രാപ്പിൽ പെട്ട് പോയതാണെന്നും മനപ്പൂർവ്വം അല്ലെന്നും ശ്രീക്കുട്ടി വ്യക്തമാക്കി.
സ്ത്രീയുടെ ശരീരത്തിലൂടെ വാഹനം ഓടിച്ച് കയറ്റിയത് മനപ്പൂർവ്വം അല്ല. വാഹനം മുന്നോട്ട് എടുക്കാൻ താൻ പറഞ്ഞിരുന്നില്ല. വാഹനം എന്തിന്റെയോ മുകളിലൂടെ കയറി ഇറങ്ങിയതായി മനസിലായിരുന്നു. എന്നാൽ എന്താണെന്ന് അറിയില്ലായിരുന്നുവെന്നും ശ്രീക്കുട്ടി പോലീസിനോട് പറഞ്ഞു.
അതേസമയം ഇരുവരുടെയും മൊഴിയിൽ വൈരുദ്ധ്യം ഉണ്ടെന്നാണ് പോലീസ് പറയുന്നത്. ശ്രീക്കുട്ടി മദ്യം നൽകാൻ ആവശ്യപ്പെട്ടത് പ്രകാരം ആണ് മദ്യം നൽകിയത് എന്നാണ് അജ്മൽ പറഞ്ഞത്. അടിയിൽ സ്ത്രീയുള്ളതായി കണ്ടിരുന്നില്ല. ഭയം കൊണ്ടാണ് വാഹനം എടുത്ത് അവിടെ നിന്നും രക്ഷപ്പെട്ടത് എന്നും അജ്മൽ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
Discussion about this post