മലപ്പുറം; ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയാണെന്ന് ഗുരുതര ആരോപണവുമായി നിലമ്പൂർ എംഎൽഎ പിവി അൻവർ. പി ശശിയുടെ നടപടികൾ പാർട്ടിയെയും മുന്നണിയെയും പ്രതിസന്ധിയിലാക്കി. ശശിക്ക് വേറെ താത്പര്യങ്ങളുണ്ടോയെന്ന് പരിശോധിക്കണമെന്നും പിവി അൻവർ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ അടുത്തേക്ക് പി ശശി ആരെയും കടത്തിവിടാറില്ല. മുഖ്യമന്ത്രിക്കും പ്രവർത്തകർക്കും ഇടയിൽ ശശി ഒരു മറയായി നിൽക്കുകയാണെന്നും പിവി അൻവർ ആരോപിച്ചു. മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം ആരംഭിക്കും മുൻപാണ് പിവി അൻവർ കൂടുതൽ ആരോപണവുമായി രംഗത്തെത്തിയത്.
എഡിജിപി എം ആർ അജിത് കുമാർ സോളാർ കേസ് ഒതുക്കാൻ കൈകൂലി വാങ്ങിയെന്നും പിവി അൻവർ ആരോപിച്ചു. കൈക്കൂലിയായി ലഭിച്ച കള്ളപ്പണം ഫ്‌ളാറ്റ് വാങ്ങി വെളുപ്പിച്ചു. 33.8 ലക്ഷം രൂപയ്ക്ക് അജിത് കുമാർ വാങ്ങിയ ഫ്‌ളാറ്റ് 10 ദിവസത്തിനുള്ളിൽ 65 ലക്ഷം രൂപക്ക് മറിച്ച് വിറ്റുവെന്നും ഇത് കള്ളപ്പണം വെളുപ്പിക്കാൻ വേണ്ടിയായിരുന്നുവെന്നുമാണ് അൻവറിന്റെ ആരോപണം.
ഷാജൻ സ്‌കറിയക്കെതിരായ നിയമപോരാട്ടത്തിന് തടയിട്ടത് പി ശശിയും എംആർ അജിത് കുമാറും ചേർന്നാണ്. അതിന് ശേഷം താൻ പി ശശിയുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് നിലമ്പൂർ എംഎൽഎ കൂട്ടിച്ചേർത്തു.
Discussion about this post