തിരുവനന്തപുരം: അമ്മ വേഷങ്ങളിലൂടെ മലയാളി സിനിമാ ആരാധകരുടെ അമ്മയായ നടിയാണ് കവിയൂർ പൊന്നമ്മ. അഭിനയ ജീവിതം ആരംഭിച്ചത് തന്നെ അമ്മ വേഷങ്ങൾ കൈകാര്യം ചെയ്തുകൊണ്ടാണ്. തന്നെക്കാൾ പ്രായം കൂടിയ നടന്മാരുടെ അമ്മയായി വരെ കവിയൂർ പൊന്നമ്മ അഭിനയിച്ചിട്ടുണ്ട്. എന്നാൽ വെള്ളിത്തിരയിൽ മാതൃകയായ കവിയൂർ പൊന്നമ്മയ്ക്ക് സ്വന്തം മകൾക്ക് വേണ്ടത്ര കരുതൽ നൽകാൻ കഴിഞ്ഞില്ലെന്നാണ് പറയുന്നത്.
ഒരു സ്വകാര്യ ചാനലിലെ അഭിമുഖത്തിനിടെ ആയിരുന്നു ഇക്കാര്യം ആദ്യം ചർച്ചയായത്. മകൾക്ക് കവിയൂർ പൊന്നമ്മയോട് പിണക്കം ആണെന്നായിരുന്നു അവതാരകൻ പറഞ്ഞത്. ഇതിന്റെ കാരണം ആരാഞ്ഞ നടിയ്ക്ക് സ്‌നേഹം ലഭിച്ചില്ലെന്നാണ് മകളുടെ പരാതിയെന്ന മറുപടിയും നൽകി. മുലപ്പാൽ പോലും തന്നില്ലെന്ന് ആയിരുന്നു മകൾ ആരോപണം ഉയർത്തിയത്. പിന്നീട് ഈ അമ്മയും മകളും തമ്മിലുള്ള അകൽച്ചയെക്കുറിച്ച് മാദ്ധ്യമങ്ങളിലും ചർച്ചയായി.
എന്നാൽ തന്റെ അടുത്തുള്ളപ്പോൾ മകൾക്ക് ആവോളം സ്‌നേഹം വാരിക്കോരി നൽകിയിട്ടുണ്ടെന്നായിരുന്നു കവിയൂർ പൊന്നമ്മയുടെ മറുപടി. മകൾ ഉൾപ്പെടെ എല്ലാവർക്കും ഭക്ഷണം കഴിക്കണമെങ്കിൽ താൻ ജോലിയ്ക്ക് പോകേണ്ടിയിരുന്നു. എട്ട് മാസം വരെ മാത്രമാണ് മകൾക്ക് മുലപ്പാൽ കൊടുക്കാൻ കഴിഞ്ഞിട്ടുള്ളത്. ശിക്ഷ എന്ന സിനിമയിൽ അഭിനയിച്ച് വരികയായിരുന്നു അക്കാലത്ത്. സ്‌നേഹിച്ചിട്ടില്ല എന്ന് പറഞ്ഞാൽ അത് തനിക്ക് താങ്ങാൻ കഴിയില്ലെന്നും കവിയൂർ പൊന്നമ്മ പറഞ്ഞിരുന്നു.
മകൾ ശാഠ്യക്കാരി ആയിരുന്നു. ആ ശാഠ്യം ഇപ്പോഴും ഉണ്ട്. മുതിർന്നപ്പോഴെങ്കിലും തന്നെ മനസിലാക്കാമായിരുന്നു. തനിക്ക് ദു:ഖമില്ല. മകളുടെ പരാതി മാറുകയില്ലെന്നും കവിയൂർ പൊന്നമ്മ വ്യക്തമാക്കിയിരുന്നു.
Discussion about this post