എറണാകുളം: ജോലി സമ്മർദ്ദത്തെ തുടർന്ന് മരിച്ച ഏണസ്റ്റ് ആൻഡ് യങ്ങിലെ ജീവനക്കാരിയായ അന്ന സെബാസ്റ്റ്യന്‍റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ട് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. അന്നയുടെ കുടുംബവുമായി സംസാരിച്ചുവെന്നും സംഭവത്തില്‍ അനീതിയുണ്ടായതായാണ് തോന്നുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.
ഇനി ഒരാൾക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടാകരുത്. സാമൂഹികമായ തിരുത്തൽ ആവശ്യമാണ്. കേന്ദ്ര മന്ത്രി എന്നതിനപ്പുറം ഒരു അച്ഛൻ എന്ന നിലയിൽ പാർലമെന്റിൽ അന്നയുടെ മരണം സംബന്ധിച്ച് ഉന്നയിക്കും. തൊഴിൽ ചൂഷണം നടത്തുന്ന കമ്പനികൾക്കെതിരെ നടപടി ഉണ്ടാകുമെന്നും സുരേഷ് ഗോപി കൂട്ടിചേര്‍ത്തു.
അതേസമയം, അന്നയുടെ ശവസംസ്‌കാര ചടങ്ങിൽ കമ്പനിയിൽ നിന്ന് ആരും പങ്കെടുക്കാത്തതിൽ ഖേദം പ്രകടിപ്പിച്ച് ഏണസ്റ്റ് ആൻഡ് യംഗ് ഇന്ത്യ ചെയർപേഴ്‌സൺ രാജീവ് മേമാനി രംഗത്ത് വന്നിരുന്നു. ലിങ്ക്ഡ്ഇന്നിലെ ഒരു പോസ്റ്റിലൂടെയാണ് ഏണസ്റ്റ് ആൻഡ് യംഗ് ഇന്ത്യ ജീവനക്കാരിയായ അന്ന സെബാസ്റ്റ്യൻ പേരയിലിൻ്റെ ദാരുണമായ വിയോഗത്തിൽ രാജീവ് മേമാനി ഖേദം പ്രകടിപ്പിച്ചത്. അന്നയുടെ മരണത്തിൽ തനിക്ക് അതിയായ ദുഃഖമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
‘അവരുടെ ജീവിതത്തിലെ ശൂന്യത നികത്താൻ യാതൊന്നിനും കഴിയില്ലെങ്കിലും ഞാൻ കുടുംബത്തോട് എൻ്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. അന്നയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ ഞങ്ങൾക്ക് കഴിയാതെ പോയതിൽ ഞാൻ ഖേദിക്കുന്നു. ഇത് നമ്മുടെ സംസ്‌കാരത്തിന് തികച്ചും അന്യമാണ്. മുമ്പൊരിക്കലും ഇത് സംഭവിച്ചിട്ടില്ല. ഇനിയൊരിക്കലും സംഭവിക്കില്ല,” മേമാനി പോസ്റ്റില്‍ കുറിച്ചു.
Discussion about this post