എറണാകുളം: മലയാള സിനിമയുടെ അമ്മ മുഖമായ കവിയൂർ പൊന്നമ്മ ഇനി ഓർമ്മ. ആലുവ കരുമാലൂരിലെ വീട്ടുവളപ്പില്‍ സംസ്ഥാന സർക്കാരിൻ്റെ ഔദ്യോഗിക ബഹുമതികളോടെ കവിയൂർ പൊന്നമ്മക്ക് യാത്രാമൊഴിയേകി. മലയാള സിനിമയിലെ പ്രമുഖരുടെ വലിയ നിരയാണ് പൊതുദർശനത്തിലും സംസ്കാര ചടങ്ങിലും പങ്കെടുത്തത്.
പൊന്നമ്മയ്ക്ക് ഏറെ ഇഷ്ടമായിരുന്ന ആലുവ കരുമാലൂരിലെ ശ്രീപീഠം വീടിൻ്റെ വളപ്പിലായിരുന്നു അന്ത്യ യാത്രയ്ക്കായി ചിതയൊരുക്കിയത്. സംസ്ഥാന സർക്കാരിൻ്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാര ചടങ്ങുകൾ നടത്തി.
രാവിലെ എറണാകുളം കളമശ്ശേരി ടൗൺ ഹാളിൽ പൊതുദർശനത്തിന് വെച്ച പൊന്നമ്മയുടെ ഭൗതിക ശരീരത്തിൽ അന്ത്യാഞ്ജലികൾ അർപ്പിക്കാൻ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി,ജോഷി, സത്യൻ അന്തിക്കാട് എന്നിങ്ങനെ നിരവധി പേർ എത്തിയിരുന്നു.
സംസ്ഥാന സർക്കാരിനെ പ്രതിനിധികരിച്ച് മന്ത്രി പി രാജീവ് റീത്ത് അന്ത്യാഞ്ജലി അർപ്പിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശനും കളമശ്ശേരിയിലെത്തി അന്തിമോപചാരം അർപ്പിച്ചു. മൂന്ന് മണിക്കൂറോളം നീണ്ട പൊതുദർശനത്തിനുശേഷം മൃതദേഹം ആലുവ കരുമാലൂരിലെ പൊന്നമ്മയുടെ വീട്ടിലേക്ക് കൊണ്ടുപോയി. രണ്ട് ദിവസം മുമ്പ് മാത്രം അമേരിക്കയിലേക്ക് മടങ്ങിയ ഏക മകൾക്ക് സംസ്കാര ചടങ്ങിന് എത്താനായില്ല. ഇളയ സഹോദരനാണ് ചിതയ്ക്ക് തീ കൊളുത്തിയത്.
Discussion about this post