തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ ഗൗരവതരമാണെങ്കിൽ നടപടിയുണ്ടാവണമെന്ന് കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. പി.വി അൻവറുടെ ഫോൺചോർത്തലിനെ പറ്റി മറുപടി പറയേണ്ടതും മുഖ്യമന്ത്രി തന്നെയാണ്. മുഖ്യമന്ത്രി ഭരണപരാജയം മറച്ചുവെക്കുന്നുവെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
ഭരണകക്ഷി എംഎൽഎയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയും ക്രമസമാധാന ചുമതലയുള്ള എഡിജിപിയും ആണ് ആരോപണ വിധേയരായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സമഗ്രമായ അന്വഷണം ആവശ്യമാണ്. ഭരണകക്ഷി എംഎൽഎ പിവി അൻവറിന്റെ ആരോപണം തെറ്റാണെന്ന് മുഖ്യമന്ത്രി തുറന്നുപറഞ്ഞ സാഹചര്യത്തിൽ അദ്ദേഹത്തിനെതിരെ നടപടി എടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
മാധ്യമങ്ങൾ കേരളത്തെ അപകീർത്തിപ്പെടുത്തുകയാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. മാധ്യമങ്ങൾ അല്ല മുഖ്യമന്ത്രിയും സംഘവുമാണ് കേരളത്തെ ലോകത്തിനു മുന്നിൽ അവഹേളിക്കുന്നത് എന്ന് അദ്ദേഹം മനസ്സിലാക്കണം. ഒരു ശവസംസ്കാരത്തിന് 75,000 രൂപ ചെലവ് വരുന്ന എസ്റ്റിമേറ്റ് തയ്യാറാക്കിയ സംസ്ഥാന സർക്കാർ ആണ് കേരളത്തിന് അവമതിപ്പുണ്ടാക്കുന്നത്. മുഖ്യമന്ത്രി മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്നത് തികച്ചും ജനാധിപത്യ വിരുദ്ധമാണ്. എസ്ഡിആർഎഫ് ഫണ്ടിലെ കേന്ദ്ര വിഹിതത്തെപ്പറ്റി എന്താണ് മുഖ്യമന്ത്രി മിണ്ടാത്തത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ വയനാടിന് നൽകിയസഹായത്തെപ്പറ്റി ഒരു വാക്ക് എങ്കിലും മുഖ്യമന്ത്രിക്ക് പറയാമായിരുന്നു. രാജ്യം ഒറ്റക്കെട്ടായി വയനാടിന് പിന്നിൽ അണിനിരക്കുമ്പോൾ ഇത്തരം സങ്കുചിത രാഷ്ട്രീയ മുഖ്യമന്ത്രിക്ക് ഭൂഷണമല്ലെന്നും കെ.സുരേന്ദ്രൻ കൂട്ടിചേര്‍ത്തു.
Discussion about this post