വയനാട്: ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ മേപ്പാടി പഞ്ചായത്ത് ചെലവാക്കിയ പണം നല്‍കാനാകില്ലെന്ന് അറിയിച്ച് സർക്കാർ. ദുരന്തത്തിന്റെ സാഹചര്യത്തില്‍ ആദ്യഘട്ടത്തില്‍ ചെലവ് വന്ന അഞ്ചര ലക്ഷത്തോളം രൂപ ആവശ്യപ്പെട്ട് മേപ്പാടി പഞ്ചായത്ത് കത്ത് നല്‍കിയിരുന്നു. എന്നാല്‍, തനത് ഫണ്ടില്‍ നിന്ന് ചെലവഴിക്കാൻ ദുരന്ത നിവാരണ അതോറിറ്റി മറുപടി നോക്കുകയായിരുന്നു. ഉരുള്‍പൊട്ടലില്‍ കേന്ദ്ര സഹായം ആവശ്യപ്പെട്ടിരിക്കെ, പഞ്ചായത്തിനോടുള്ള സംസ്ഥാന സർക്കാർ സമീപനം ശരിയല്ലെന്ന വിമര്‍ശനമാണ് ഉയരുന്നത്.
അടിയന്തര ചെലവുകള്‍ തല്‍ക്കാലം കൈയ്യില്‍ നിന്ന് എടുക്കുവാനും പിന്നിട് തുക ലഭ്യമാക്കാമെന്നുമായിരുന്നു ഉദ്യോഗസ്ഥർ വഴി പഞ്ചായത്തിന് സർക്കാർ വാക്കാല്‍ ഉറപ്പ് നല്‍കിയിരുന്നത്. ഇത് വിശ്വസിച്ച് മേപ്പാടി പഞ്ചായത്ത് ചിലവുകള്‍ നടത്തി. എന്നാൽ സര്‍ക്കാര്‍ കാലു മാറിയതോടെ പഞ്ചായത്ത് പ്രതിസന്ധിയിലായിരിക്കുകയാണ്.
ആംബുലൻസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്കും മൃതദേഹം സൂക്ഷിച്ച ഫ്രീസറിന്‍റെ ആവശ്യത്തിനുമുള്‍പ്പെടെ അഞ്ചരലക്ഷത്തോളം രൂപയാണ് പഞ്ചായത്തിന് ആദ്യ ഘട്ടത്തില്‍ ചെലവായത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 23 ലക്ഷം രൂപ ദുരന്തവുമായി ബന്ധപ്പെട്ട് പഞ്ചായത്തിന് ചെലവായിട്ടുണ്ട്. ഇനിയും ബില്ലുകള്‍ ലഭിക്കാനിരിക്കെ ചെലവ് ഇനിയും കൂടുമെന്ന് പഞ്ചായത്ത് അംഗങ്ങള്‍ പറയുന്നു.
Discussion about this post