കുട്ടിക്കാലത്ത് ആകാശത്തേക്ക് നോക്കി അമ്പിളിമാമനായി വാശിപിടിച്ചതോർക്കുന്നില്ലേ? നിലാവുള്ള രാത്രിയിൽ ഒരിക്കലെങ്കിലും ചന്ദ്രനെ ഒന്ന് തൊടാനായാൽ എന്ന് ആഗ്രഹിച്ചത്. കാലം നീങ്ങിയപ്പോൾ മനുഷ്യൻ ചന്ദ്രനിലെത്തി. മണ്ണും കല്ലും ശേഖരിച്ച് പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നടത്തുന്നു. ഭൂമിയും ചന്ദ്രനുമെന്നാൽ അഭേദ്യമായ അവർണനീയമായ ബന്ധമാണെന്ന് സാഹിത്യകാരന്മാർ പാടിപ്പുകഴ്ത്തി. ശാസ്ത്രജ്ഞരും അത് ശരിവയ്ക്കുന്നു. ചന്ദ്രനില്ലാതെ ഭൂമിയില്ല,ഭൂമിയില്ലാതെ ചന്ദ്രനും.
ഭൂമിയ്ക്ക് പക്ഷേ ചന്ദ്രൻ ഇല്ലാതിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഏതാണ്ട് 450 കോടി വർഷങ്ങൾക്ക് മുൻപാണ് സംഭവം. അന്ന് ചൊവ്വാഗ്രഹത്തിന്റെ വലുപ്പമുള്ള മറ്റൊരു ഗ്രഹം ഉണ്ടായിരുന്നു. ഈ ഗ്രഹം ഗുരുത്വാകർഷണത്തിന്റെ ശക്തി മൂലം ഭൂമിയുമായി കൂട്ടിമുട്ടുകയും ഭൂമിയുടെ ഒരു ഭാഗം അടർന്ന് പോവുകയും പിന്നീട് ഈ ഭാഗമാണ് ചന്ദ്രനായ് രൂപാന്തരപ്പെട്ടതെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.
ചന്ദ്രൻ ഇല്ലാത്ത ഭൂമിയുടെ അവസ്ഥ. ചന്ദ്രൻ ഇല്ലെങ്കിൽ ഭൂമിയിൽ സംഭവിക്കാൻ പോകുന്നത് എന്തെല്ലാമാണെന്ന് ചിന്തിച്ചിട്ടുണ്ടോ? ചന്ദ്രൻ ഉണ്ടായിരുന്നില്ലെങ്കിൽ, ഒരുപക്ഷേ ഭൂമിയിലെ ജൈവ വ്യവസ്ഥ തകിടം മറിയുമായിരുന്നു. ഭൂമി അതിൻറെ സാങ്കല്പിക അച്ചുതണ്ട് ആധാരമാക്കി സ്വയംഭ്രമണം ചെയ്തുകൊണ്ടിരിക്കുകയാണല്ലോ. ഇതിന്റെ അക്ഷമാകട്ടെ ഭൂമിയുടെ സഞ്ചാരപാതയുടെ പ്രതലത്തിന്റെ ലംബത്തിൽ നിന്ന് 23.5 ഡിഗ്രി ചരിഞ്ഞിട്ടാണ് ഉള്ളത്. ഇതിനെയാണ് അച്ചു തങ്ങിന്റെ ചരിവ് എന്നു വിളിക്കുന്നത്. ഇതാണ് ഉത്തരായനത്തിനും ദക്ഷിണായനത്തിനും, അതു വഴി ഋതുക്കൾക്കും കാരണമാകുന്നത്. ഈ ചരിവ് ഇല്ലായിരുന്നെങ്കിൽ നമ്മുടെ നാട്ടിൽ വേനലും മഞ്ഞും മഴയും വസന്തവും ഒക്കെ ക്രമമായി മാറി മാറി വരില്ല. ഭൂമിയുടെ അക്ഷത്തെ ഈ അളവിൽ സ്ഥിരമായി പിടിച്ചുനിർത്തുന്നതിൽ ചന്ദ്രന് വലിയൊരു പങ്കുണ്ട്.
ചന്ദ്രനെപ്പോലെ കൊള്ളാവുന്ന ഒരു ഉപഗ്രഹം ഇല്ലാത്ത ചൊവ്വയുടെ കാര്യമെടുക്കുകയാണെങ്കിൽ അതിന്റെ അക്ഷം പലവട്ടം തിരിമറികൾക്ക് വിധേയമായിട്ടുണ്ട്. നമ്മുടെ ഏറ്റവും അടുത്ത ഗ്രഹമായ ശുക്രനും ഒരുതവണയെങ്കിലും തല തിരിയലിന് വിധേയമായിട്ടുണ്ടെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. ഭൂമിയിൽ ഇതുപോലൊന്ന് സംഭവിച്ചാൽ കാലാവസ്ഥയൊക്കെ അധോഗതിയിലാവും.
ഭൂമിയിലെ വേലിയേറ്റത്തിനും വേലിയിറക്കത്തിനും പിന്നിലെ പ്രധാന ബലം ചെലുത്തുന്നത് ചന്ദ്രനാണ് എന്നതാണ്. ഭൂമിയിലെ പല ജീവികളുടെയും ജീവിത ചക്രത്തിൽ വേലിയേറ്റത്തിനും ഇറക്കത്തിനും വലിയ സ്ഥാനമുണ്ട്.തിരമാലകളാണ് തീര ആവാസവ്യവസ്ഥകളുടെ ആധാരം. തിരമാലകൾ ഇല്ലാതായാൽ അത്തരം ആവാസവ്യവസ്ഥകൾ പൂർണ്ണമായോ ഭാഗികമായോ ഇല്ലാതായേക്കാം. മനുഷ്യരുൾപ്പടെയുള്ള ജീവിവർഗ്ഗത്തെ ഇത് സാരമായി ബാധിക്കും.ചന്ദ്രൻ ഇല്ലായിരുന്നുവെങ്കിൽ ചാന്ദ്രയാത്രകളും ചന്ദ്രയാനങ്ങളും ഉണ്ടാകുമായിരുന്നില്ല. ഗ്രഹാന്തരയാത്രകൾക്കു തയ്യാറാകുന്നതിനുള്ള ഒരു ചവിട്ടുപടിയാണ് ചന്ദ്രനിലേക്കുള്ള യാത്രകൾ.
രമാലകൾ ഇല്ലാതാകുന്നതോടെ തീരങ്ങളുടെ അവസ്ഥ എന്തായുകമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. സമുദ്രത്തിന്റെ മൊത്തത്തിലുള്ള താപനില നിർണ്ണയിക്കുന്നതിലും തിരമാലകളുടെ പങ്ക് വലുതാണ്. ആഴങ്ങളിലുള്ള തണുത്ത ജലം തിരമാലകളിലൂടെ തീരത്തേക്ക് വലിച്ചെറിയപ്പെടുകയും അങ്ങനെയത് ചൂടുപിടിക്കുകയും ചെയ്യുന്നുണ്ട്. ഇതുകൂടാതെ സമുദ്രജല പ്രവാഹത്തിലും തിരമാലകൾ പ്രധാനപ്പെട്ട പങ്കുവഹിക്കുന്നു. കടൽക്കാറ്റിന്റെ ദിശ തീരുമാനിക്കുന്നത് വഴി തീരദേശ കാലാവസ്ഥയിലും തിരമാലകൾ ഒരു പങ്ക് വഹിക്കുന്നുണ്ട്. കടൽ തിരമാലകൾ പെട്ടെന്ന് അപ്രത്യക്ഷമാകുന്നത് ഇവയെ എല്ലാം സാരമായി ബാധിക്കും.
ഈ അവസ്ഥകളൊക്കെ സംഭവിക്കാനായി ചന്ദ്രൻ ഇല്ലാതാകണം. അത് സാധ്യമാകുമോ? ചന്ദ്രന്റെ രൂപീകരണത്തിന് കാരണമായി എന്ന് കരുതും പോലെയുള്ള അതിഭീകരമായ ഒരു ഇടിയുടെ ആഘാതത്തിൽ ചന്ദ്രൻ ചിതറിപ്പോകണം. അത്രയും വലിയൊരു ആകാശവസ്തുവിനേ ചന്ദ്രനെ ആ രീതിയിൽ ഛിന്നഭിന്നമാക്കാൻ കഴിയൂ
അതേസമയം ഭൂമിയെ ഭ്രമണം ചെയ്യുന്ന ചന്ദ്രന് കൂട്ടായി ഒരു ‘മിനി മൂൺ’ കൂടിയെത്തുന്നു. ‘ആസ്റ്ററോയിഡ് 2024 പിടി5’ എന്ന ഛിന്നഗ്രഹമാണ് ചന്ദ്രന് കൂട്ടായെത്തുന്നത്. സെപ്റ്റംബർ 29 മുതൽ നവംബർ 25 വരെ ഇത് ഭൂമിയുടെ ഗുരുത്വാകർഷണ വലയത്തിൽ ഉണ്ടാകുമെന്നാണ് ശാസ്ത്ര ലോകം പറയുന്നത്. ഭൂമിയുടെ സമീപത്ത് കൂടി സഞ്ചരിക്കേണ്ട മിനി മൂൺ ഗുരുത്വാകർഷണത്തിൻറെ ഫലമായിട്ടാണ് ചന്ദ്രനൊപ്പം ഭൂമിയെ വലം വയ്ക്കുക.
Discussion about this post