ന്യൂഡല്‍ഹി: മൂന്ന് ദിവസത്തെ അമേരിക്കൻ സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേക്ക് തിരിച്ചു. ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് മുമ്പ്, ഇസ്രായേൽ-ഹമാസ് യുദ്ധവും യുക്രെയ്ൻ പ്രതിസന്ധിയും ഉൾപ്പെടെയുള്ള ആഗോള സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നടന്ന യുഎന്‍ ഉച്ചകോടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. യുക്രെയ്ൻ പ്രസിഡൻ്റ് വ്ലാഡിമിര്‍ സെലെൻസ്‌കി, അർമേനിയൻ പ്രധാനമന്ത്രി നിക്കോൾ പഷിനിയൻ എന്നിവരുമായും പ്രധാനമന്ത്രി മോദി ഉഭയകക്ഷി ചർച്ചകൾ നടത്തി.
പ്രസിഡൻ്റ് സെലൻസ്‌കിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ, യുക്രെയ്നിലെ സംഘർഷം നേരത്തെ പരിഹരിക്കുന്നതിനും മേഖലയിൽ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനുമുള്ള ഇന്ത്യയുടെ പ്രതിബദ്ധത മോദി ആവർത്തിച്ചു.
മൂന്ന് മാസത്തിനിടെ ഇരു നേതാക്കളും തമ്മിലുള്ള മൂന്നാമത്തെ കൂടിക്കാഴ്ചയായിരുന്നു ഇത്. ആഗസ്റ്റ് 23 ന് പ്രധാനമന്ത്രിയുടെ രാജ്യ സന്ദർശനത്തിനിടെ യുക്രേനിയൻ തലസ്ഥാനമായ കിവിൽ വച്ചാണ് അവർ അവസാനമായി കണ്ടുമുട്ടിയത്. ജൂണിൽ ഇറ്റലിയിലെ അപുലിയയിൽ നടന്ന ജി7 ഉച്ചകോടിക്കിടെ സെലൻസ്‌കിയുമായി മോദി ചർച്ച നടത്തിയിരുന്നു.
ഇസ്രായേൽ-ഹമാസ് യുദ്ധവും യുക്രെയ്ൻ പ്രതിസന്ധിയും ഉൾപ്പെടെയുള്ള ആഗോള സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നടന്ന യുഎന്നിൻ്റെ ഭാവി ഉച്ചകോടിയെ മോദി അഭിസംബോധന ചെയ്തു. ഡെലവെയറിലെ വിൽമിംഗ്ടണിൽ നടന്ന ക്വാഡ് ലീഡേഴ്‌സ് ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം ശനിയാഴ്ച ന്യൂയോർക്കിലെത്തിയ അദ്ദേഹം യുഎസ് പ്രസിഡൻ്റ് ജോ ബൈഡനുമായി ഉഭയകക്ഷി ചർച്ചകളും നടത്തി.
Discussion about this post