വിയറ്റ്നാമില്‍ നിന്ന് വന്ന വിചിത്രമായൊരു വാര്‍ത്തയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. പണത്തിന് വേണ്ടി എന്തും ചെയ്യുന്ന ആളുകളുള്ള ഇക്കാലത്ത് സ്വന്തം ബന്ധുക്കളെപ്പോലും വിശ്വസിക്കാന്‍ കഴിയില്ല. ഇപ്പോഴിതാ പണത്തിനായി കുഴിമാടത്തില്‍ നിന്ന് അമ്മാവന്റെ തലയോട്ടിയും എല്ലുകളും മോഷ്ടിച്ച യുവാവ് പിടിയിലായിരിക്കുകയാണ്.
ചൂതാട്ടത്തിലൂടെ തനിക്കുണ്ടായ കടങ്ങള്‍ തീര്‍ക്കാനാണ് ഇാള്‍ ഇങ്ങനെ ചെയ്തത്. മരിച്ചയാളുടെ കുടുംബത്തില്‍ നിന്ന് 5 ബില്യണ്‍ വിയറ്റ്‌നാമീസ് ഡോങ് (203,000 യുഎസ് ഡോളര്‍) തട്ടിയെടുക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു കരുതിക്കൂട്ടിയുള്ള ഇയാളുടെ നീക്കം എന്നാണ് സൗത്ത് ചൈനാ മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ലുയു തന്‍ നാം എന്ന 37 -കാരനാണ് തന്റെ അമ്മാവന്റെ ശവക്കുഴിയില്‍ നിന്ന് അസ്ഥികള്‍ മോഷ്ടിച്ചത്. തുടര്‍ന്ന് ഇത് അടുത്തുള്ള മാലിന്യ കൂമ്പാരത്തില്‍ ഒളിപ്പിച്ചു വയ്ക്കുകയും അവ തിരികെ നല്‍കണമെങ്കില്‍ താന്‍ ആവശ്യപ്പെടുന്ന പണം തരണമെന്ന് വീട്ടുകാരെ അറിയിക്കുകയും ആയിരുന്നു. നാലു വര്‍ഷം മുന്‍പ് മരിച്ച തന്റെ അമ്മാവന്റെ അസ്ഥികളാണ് ഇയാള്‍ മോഷ്ടിച്ചത്.
വീട്ടുകാര്‍ തന്നെ തിരിച്ചറിയാതിരിക്കാന്‍ ഒരു അജ്ഞാത നമ്പറില്‍ നിന്നാണ് ഇയാള്‍ മരിച്ചുപോയ വ്യക്തിയുടെ ബന്ധുക്കളുമായി ബന്ധപ്പെട്ടത്. പൊലീസില്‍ പരാതി നല്‍കിയാല്‍ അസ്ഥിയുടെ ഭാഗങ്ങള്‍ ഒരിക്കലും തിരികെ നല്‍കുകയില്ല എന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഫോണ്‍സന്ദേശം കേട്ട് പരിഭ്രാന്തരായ കുടുംബാംഗങ്ങള്‍ ശവക്കല്ലറ പരിശോധിച്ചപ്പോഴാണ് അസ്ഥികള്‍ മോഷണം പോയെന്ന് അറിഞ്ഞത്. ഇതോടെ അവര്‍ പൊലീസില്‍ പരാതി നല്‍കി.
പിന്നാലെ നടന്ന പൊലീസ് അന്വേഷണത്തില്‍ ലുയു പിടിയിലാവുകയും പൊലീസിനോട് കുറ്റം സമ്മതിക്കുകയും ചെയ്തു. മോഷ്ടിച്ചെടുത്ത അസ്ഥികള്‍ പൊലീസ് വീണ്ടെടുത്ത് കുടുംബാംഗങ്ങള്‍ക്ക് തിരികെ നല്‍കി. സെപ്തംബര്‍ 12 -ന്, ലുയു നാമിനെ അറസ്റ്റ് ചെയ്തു. ശിക്ഷ എന്താണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
Discussion about this post