തിരുവനന്തപുരം; സംസ്ഥാനത്ത് ഉന്നതനിലവാരത്തിലുള്ള ഡ്രൈവിംഗ് പരിശീലനം കുറഞ്ഞ ചെലവിൽ നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ കെഎസ്ആർടിസി ആരംഭിച്ച ഡ്രൈവിംഗ് സ്‌കൂളുകൾ വമ്പൻ ഹിറ്റ്. കെഎസ്ആർടിസി സ്റ്റാഫ് ട്രെയിനിങ് കേന്ദ്രത്തിൽ പരിശീലനം ലഭിച്ച ആദ്യ ബാച്ചിലെ 37 പേരിൽ 30 പേർക്ക് ഡ്രൈവിങ് ലൈസൻസ് ലഭിച്ചു. ലൈസൻസ് കരസ്ഥമാക്കിയവർക്ക് ആനയറ കെഎസ്ആർടിസി സ്വിഫ്റ്റ് ആസ്ഥാനത്തു വച്ച് നടന്ന ചടങ്ങിൽ ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ ലൈസൻസ് വിതരണം ചെയ്തു.
ജൂൺ 26 മുതൽ ഇത് വരെ 170 പേരാണ് അഡ്മിഷൻനേടിയത്. ആദ്യബാച്ചിൽ 40 ടെസ്റ്റുകളായിരുന്നു നടത്തിയത്. ഇതിൽ ഏഴ് പേർമാത്രമാണ് പരാജയപ്പെട്ടത്. ടെസ്റ്റ് കർക്കശമാക്കിയപ്പോൾ സ്വകാര്യമേഖലയിൽ വിജയശതമാനം കുറഞ്ഞപ്പോൾ കെഎസ്ആർടിയുടെ വിജയശതമാനം 82.5 ശതമാനമാണ്.
ആദ്യ ഘട്ടത്തിൽ 11 സ്ഥലങ്ങളിൽ ഡ്രൈവിങ് സ്‌കൂളുകൾ ആരംഭിക്കുന്നതിനുള്ള നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്.വനിതകൾക്ക് ട്രെയിനിങ് നൽകുന്നതിന് പ്രത്യേക പരിശീലനം നേടിയിട്ടുള്ള വനിതാ ഇൻസ്ട്രക്ടമാരെ നിയോഗിച്ചിട്ടുണ്ട്. പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗത്തിലെ വിദ്യാർഥികൾക്ക് ഫീസ് നിരക്കിൽ ഇളവ് അനുവദിക്കാനും നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കാർ ഡ്രൈവിംഗ് പഠിക്കാൻ 9,000 രൂപയാണ് ഫീസ്. ഇരുചക്രവാഹനങ്ങൾക്ക് 3500 രൂപ, കാറും ഇരുചക്രവാഹനവും ചേർത്തുള്ള പാക്കേജിന് 11,000 രൂപയാണ് ഈടാക്കുന്നത്.
Discussion about this post