ന്യൂഡൽഹി: ഝാൻസി റാണിയുടെ പ്രതി സ്ഥാപിക്കുന്നതിൽ എതിർപ്പുമായി എത്തിയ മസ്ജിദ് കമ്മിറ്റിയ്ക്ക് കണക്കിന് കൊടുത്ത് ഡൽഹി ഹൈക്കോടതി. കോടതിയെ ഉപയോഗിച്ച് ആരും വർഗ്ഗീയ രാഷ്ട്രീയം കളിക്കേണ്ടെന്ന് കോടതി വ്യക്തമാക്കി. ഡൽഹിയിലെ ഷാഹി ഈദ്ഗാഹ് മാനേജിംഗ് കമ്മിറ്റിയാണ് ഝാൻസി റാണിയുടെ പ്രതിമ സ്ഥാപിക്കുന്നതിൽ എതിർപ്പുമായി രംഗത്ത് എത്തിയത്. പ്രതിമസ്ഥാപിക്കുന്നതിനെ എതിർത്ത് മസ്ജിദ് കമ്മിറ്റി നൽകിയ ഹർജിയും ഹൈക്കോടതി തള്ളി.
ഷാഹി ഈദ്ഗാഹ് പാർക്കിൽ പ്രതിമ സ്ഥാപിക്കുന്നതിനെ എതിർത്താണ് കമ്മിറ്റി ഹർജി നൽകിയത്. അടുത്തിടെ ഇവിടെ പ്രതിമ സ്ഥാപിക്കാൻ എത്തിയ അധികൃതരെ കമ്മിറ്റിയിലെ അംഗങ്ങൾ തടയുകയായിരുന്നു. ഇതിന് പിന്നാലെ അധികൃതർ പ്രതിമ സ്ഥാപിക്കാൻ അനുമതി തേടി കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനെതിരെ സമർപ്പിച്ച ഹർജിയിലാണ് കമ്മിറ്റിയ്ക്ക് തിരിച്ചടി.
സിംഗിൾ ബെഞ്ച് മുൻപാകെ ആയിരുന്നു ഹർജി. ഇത് പരിഗണിച്ച സിംഗിൾ ബെഞ്ച് ഹർജി വർഗ്ഗീയത പടർത്താൻ ലക്ഷ്യമിട്ടുള്ളതാണെന്ന് വ്യക്തമാക്കി. വർഗ്ഗീയതയുടെ പേരിൽ ചരിത്രത്തെ ഒരിക്കലും വളച്ചൊടിയ്ക്കാൻ കഴിയില്ലെന്ന് ജഡ്ജി വ്യക്തമാക്കി. ഝാൻസി റാണി നമ്മുടെ യോദ്ധാവാണ്. ഈ ഹർജിയും ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളുമെല്ലാം വളരെ പ്രകോപനപരമാണ്. കോടതിയെ ഉപയോഗിച്ച് ആരും വർഗ്ഗീയ രാഷ്ട്രീയം കളിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.
കോടതിയുടെ രൂക്ഷ വിമർശനത്തിന് പിന്നാലെ മസ്ജിദ് കമ്മിറ്റി ഹർജി പിൻവലിച്ചു. ഹർജിയിലെ പ്രകോപനപരമായ ഭാഗങ്ങൾ ഒഴിവാക്കാനും, മാപ്പ് പറയാനും കോടതി ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് ഹർജി പിൻവലിക്കാൻ തീരുമാനിച്ചത്. പിന്നീട് പ്രകോപനപരമായ ഹർജിയിലെ ഭാഗങ്ങൾ നീക്കി പുതിയ ഹർജി സമർപ്പിച്ചിട്ടുണ്ട്. ഇത് നാളെ കോടതി പരിഗണിക്കും.
Discussion about this post