തിരുവനന്തപുരം: സംസ്ഥാനത്ത് തൊഴിലില്ലായ്മ രൂക്ഷമാകുന്നു. ജോലിയില്ലാത്ത ചെറുപ്പക്കാരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടായിട്ടുള്ളതെന്നാണ് റിപ്പോർട്ടുകൾ. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയം പുറത്തുവിട്ട ലോബർ ഫോഴ്‌സ് സർവേയിലാണ് ഇതുമായി ബന്ധപ്പെട്ട കണ്ടെത്തൽ ഉള്ളത്.
100 ൽ 29 യുവാക്കൾ തൊഴിൽ രഹിതരാണെന്നാണ് സർവ്വേയിൽ പറയുന്നത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ ഇത് വളരെ കൂടുതൽ ആണ്. 22 മുതൽ 29 വരെ പ്രായമുള്ളവരാണ് തൊഴിലില്ലായ്മ രൂക്ഷമായി അനുഭവിക്കുന്നത്. കേരളത്തിലെ സ്ത്രീകളിൽ 47.1 ശതമാനം പേരും തൊഴിലില്ലാത്തവരാണെന്നും സർവ്വേയിൽ കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലെ ആകെ തൊഴിലില്ലായ്മ നിരക്കിൽ വലിയ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. 2023-24 വർഷത്തിൽ കേരളത്തിൽ തൊഴിലില്ലായ്മ നിരക്ക് 7.2 ശതമാനമായി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ വർഷം ഇത് 7 ശതമാനം ആയിരുന്നു.
രാജ്യത്ത് യുവാക്കളെ തൊഴിലില്ലായ്മ ബാധിക്കാത്തതിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ മദ്ധ്യപ്രദേശും ഗുജറാത്തുമാണ്. ഇരു സംസ്ഥാനങ്ങളിലും തൊഴിൽ ചെയ്യാത്ത ചെറുപ്പക്കാർ വളരെ കുറവാണെന്നാണ് കണ്ടെത്തൽ. സ്ഥാപനങ്ങളിലും മറ്റും ജോലി ലഭിക്കാത്തവർ സ്വയം സംരംഭം ആരംഭിച്ച് സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നുണ്ട്.
കേരളത്തിൽ യുവാക്കൾക്കിടയിൽ തൊഴിലില്ലായ്മ വർദ്ധിക്കുന്നു എന്നതിന് പുറമേ വയസായവരുടെ എണ്ണം വർദ്ധിക്കുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ പ്രായമുള്ളവർ ഉള്ള സംസ്ഥാനം കേരളമാണ്.
Discussion about this post