ശ്രീനഗർ : ജമ്മുകശ്മീരിന് പ്രത്യേക പതാക തിരികെ കൊണ്ടുവരണമെന്ന നാഷ്ണൽ കോൺഫറൻസിന്റെ ആവശ്യത്തെ പിന്തുണയ്ക്കുന്നുണ്ടോ എന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയോട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . ആർട്ടിക്കിൾ 370 ഉം 35 എയും തിരികെ കൊണ്ടുവന്ന് ജമ്മു കശ്മീരിനെ അശാന്തിയുടെയും ഭീകരതയുടെയും യുഗത്തിലേക്ക് തള്ളിവിടണോ എന്ന് അദ്ദേഹം ചോദിച്ചു.
കശ്മീരിലെ യുവാക്കളെ വിലകൊടുത്ത് പാകിസ്താനുമായി സംസാരിച്ച് വീണ്ടും വിഘടനവാദം പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുകയാണ് നാഷ്ണൽ കോൺഫറൻസ്. ഇതിനെ കോൺഗ്രസ് പിന്തുണയ്ക്കുന്നുണ്ടോ? എന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചോദിച്ചു.
ആർട്ടിക്കിൾ 370 പ്രകാരം സംസ്ഥാനത്തിന് പ്രത്യേക പതാക ഉപയോഗിക്കാനുള്ള അനുവാദം ഉണ്ടായിരുന്നു. എന്നാൽ അത് റദ്ദാക്കിയതോടെ പ്രത്യേക പതാകയ്ക്ക് സാധുതയില്ലാതായി. കശ്മീരിന് സംസ്ഥാന പദവി നഷ്ടമാകുകയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങൾ രൂപീകരിക്കുകയും ചെയ്തിരുന്നു. നിയമസഭയോട് കൂടിയ കേന്ദ്രഭരണ പ്രദേശമായി ജമ്മു കശ്മീരും നിയമസഭാ രഹിത കേന്ദ്രഭരണ പ്രദേശമായി ലഡാക്കും നിലവിൽ വന്നു. കശ്മീർ പുനരേകീകരണത്തിലൂടെയാണ് കേന്ദ്രസർക്കാർ ഇത് സാധിച്ചത്.
കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി അമിത് ഷാ കോൺഗ്രസിനെത്തിരെ ആഞ്ഞടിച്ചിരുന്നു. ജമ്മു കശ്മീരിൽ ഏറ്റവും കൂടുതൽ തവണ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത് കോൺഗ്രസ് ആണെന്നായിരുന്നു ആഭ്യന്തര മന്ത്രി അമിത് ഷായുടെ വിമർശനം. ”കശ്മീർ പുറത്ത് നിന്നുള്ളവർ ഭരിക്കണം. ഈ വാഗ്ദാനമാണ് രാഹുൽ അവിടുത്തെ ജനങ്ങൾക്ക് മുന്നിൽ വയ്ക്കുന്നത്.രാഹുലിനോട് എനിക്ക് പറയാനുള്ളത്. നിങ്ങൾക്ക് പ്രസംഗങ്ങൾ എഴുതി നൽകുന്നവർ നിങ്ങളോട് സത്യം പറയുന്നില്ല. കശ്മീരിൽ ഏറ്റവും കൂടുതൽ തവണ രാഷ്ട്രപതി ഭരണം കൊണ്ടുവന്നത് കോൺഗ്രസ് ആണ്. ഇത്തവണ ജമ്മുകശ്മീരിൽ പോളിംഗ് ശതമാനം വർദ്ധിച്ചു. ഇതിന് കാരണം അവിടെ തീവ്രവാദം അവസാനിച്ചതാണ്. റെക്കോർഡ് പോളിംഗ് ആണ് ഓരോ തവണയും രേഖപ്പെടുത്തുന്നത്. കശ്മീരിൽ ജനാധിപത്യം ശക്തിപ്പെട്ടുവെന്നും” അമിത് ഷാ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രമങ്ങളാണ് തീരുമാനങ്ങളെടുക്കാനുള്ള അധികാരം ജനങ്ങളുടെ കൈയിൽ എത്തിച്ചതെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. അധികാരത്തിൽ വന്നാൽ സംവരണം അവസാനിപ്പിക്കുമെന്ന് രാഹുൽ ബാബ പറഞ്ഞിട്ടുണ്ട്. രാഹുൽ ബാബ, നിങ്ങളുടെ ഉദ്ദേശം എന്തായാലും സംവരണം അവസാനിപ്പിക്കാൻ ഞങ്ങൾ നിങ്ങളെ അനുവദിക്കില്ല,’ അമിത് ഷാ കൂട്ടിച്ചേർത്തു.
ജെകെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം സെപ്റ്റംബർ 25 നായിരുന്നു. മൂന്നാമത്തെയും അവസാനത്തെയും ഘട്ട വോട്ടെടുപ്പ് ഒക്ടോബർ 1 ന് നടക്കും. വോട്ടെണ്ണൽ ഒക്ടോബർ 8 ന് നടക്കും. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുള്ള ആദ്യത്തെ തിരഞ്ഞെടുപ്പാണ് ജമ്മുവിൽ നടക്കുന്നത്.
Discussion about this post