സേലം; തൃശൂരിൽ മൂന്നിടങ്ങളിലായി എടിഎമ്മുകൾ കൊള്ളയടിച്ച് കേരളം വിട്ട സംഘം തമിഴ്‌നാട്ടിൽ പിടിയിൽ. നാമക്കലിൽ വച്ചാണ് ഹരിയാന സ്വദേശികളായ കൊള്ളക്കാരെ തമിഴ്‌നാട് പോലീസ് പിടികൂടിയത്. തോക്കുകളുമായി സഞ്ചരിച്ചിരുന്ന സംഘത്തെ ഏറ്റുമുട്ടലിലൂടെയാണ് പോലീസ് കീഴ്‌പ്പെടുത്തിയത്. ഏറ്റുമുട്ടലിൽ കവർച്ച സംഘത്തിലെ ഒരാൾ കൊല്ലപ്പെടുകയും രണ്ട് പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇൻസ്പെക്ടർ തവമണി, രഞ്ജിത്ത് കുമാർ എന്നിവർക്കാണ് പരിക്കേറ്റത്.
നേരത്തെ കണ്ണൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കൊള്ള നടത്തിയ അതേസംഘമാണ് ഇതെന്ന് പോലീസ് പറയുന്നു. കണ്ടയനറിൽ സൂക്ഷിച്ചാണ് പണം കടത്താൻ ശ്രമിച്ചത്. എടിഎമ്മിൽനിന്ന് തട്ടിയെടുത്ത 65 ലക്ഷം രൂപയും ഇവരിൽനിന്ന് പിടിച്ചെടുത്തു.
മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എസ്ബിഐ എടിഎമ്മുകളിലാണ് കവർച്ച നടന്നത്. പുലർച്ചെ 2.30 നും 4 മണിക്കും മദ്ധ്യേ ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം തകർത്തായിരുന്നു കവർച്ച.
Discussion about this post