ന്യൂഡൽഹി; നിലമ്പൂർ എംഎൽഎ പിവി അൻവറിനെ ഇടതുമുന്നണിയിൽ നിന്ന് പുറത്താക്കിയതായി ഔദ്യോഗികമായി പ്രഖ്യാപിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അൻവറുമായി എൽഡിഎഫിന് ഇനി ഒരു ബന്ധവും ഇല്ലെന്ന് അദ്ദേഹം അറിയിച്ചു. ഇടതുമുന്നണിയെയും സിപിഎമ്മിനെയും തകർക്കാനുള്ള ശ്രമങ്ങളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അൻവർ നടത്തിവരുന്നതെന്നും അൻവർ അച്ചടക്കത്തിന്റെ എല്ലാ സീമകളും ലംഘിച്ചെന്നും ഗോവിന്ദൻ പറഞ്ഞു.
എൽഡിഎഫുമായുള്ള ബന്ധം വിച്ഛേദിച്ചെന്ന് അൻവർ തന്നെ വ്യക്തമാക്കിയിരുന്നു. പാർലമെൻറി പാർട്ടി അംഗത്വം അൻവർ സ്വയം വലിച്ചെറിഞ്ഞു. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാൻ പാർട്ടി അംഗത്വം വേണമെന്നില്ല. കെടി ജലീലിനും അംഗത്വമില്ലെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. പാർലമെൻററി പാർട്ടി അംഗത്വം സ്വയം ഉപേക്ഷിച്ചതിനാൽ തന്നെ അൻവറുമായുള്ള എല്ലാ ബന്ധവും പാർട്ടി ഉപേക്ഷിച്ചിരിക്കുകയാണ്. നിലവിൽ പാർട്ടി അംഗമല്ലാത്തതിനാൽ തന്നെ മറ്റൊന്നും ഇതിൽ ആവശ്യവുമില്ലെന്ന് പാർട്ടി സെക്രട്ടറി വ്യക്തമാക്കി.
അൻവറും പാർട്ടിയുമായുമുള്ള എല്ലാ ബന്ധവും ഇന്നലത്തോടെ അവസാനിച്ചു. താൻ എൽഡിഎഫിന്റെ ഭാഗമല്ലെന്നും ഭരണപക്ഷത്തിന്റെ കൂടെ നിയമസഭയിൽ ഇരിക്കില്ലെന്നും അൻവർ തന്നെയാണ് ഇന്നലെ പ്രഖ്യാപിച്ചത്. അതിനു മുമ്പോ പിമ്പോ അൻവറിനെ പുറത്താക്കാൻ പാർട്ടി തീരുമാനിച്ചില്ല. ഇപ്പോൾ അൻവർ പരസ്യമായി ഇക്കാര്യം വ്യക്തമാക്കിയതോടെ അദ്ദേഹവുമായുള്ള എല്ലാ മുന്നണി ബന്ധവും അവസാനിച്ചുവെന്നാണ് എംവി ഗോവിന്ദൻ വ്യക്തമാക്കിയത്.
Discussion about this post