എറണാകുളം : പൂക്കോട് വെറ്റിനറി വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ സസ്‌പെൻഷനിലായിരുന്ന കോളേജ് ഡീനിനേയും ഹോസ്റ്റൽ അസിസ്റ്റന്റ് വാർഡനെയും സർവീസിൽ തിരിച്ചെടുക്കാനുള്ള തീരുമാനം തടഞ്ഞ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇരുവരേയും തിരിച്ചെടുക്കാനുള്ള മാനേജിംഗ് കൗൺസിൽ നടപടിക്കെതിരെ സിദ്ധാർഥന്റെ കുടുംബവും സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിനും ഗവർണറെ സമീപിച്ചിരുന്നു.
ഡീനിനെയും അസി. വാർഡനെയും തിരിച്ചെടുക്കാനുള്ള സർവകലാശാല ഭരണസമിതിയുടെ തീരുമാനമാണ് ഗവർണർ സ്റ്റേ ചെയ്തത്. വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർക്ക് ഗവർണർ നോട്ടീസ് നൽകി.
ഇരുവർക്കും വീഴ്ച പറ്റിയെന്നായിരുന്നു ഗവർണർ നിയോഗിച്ച അന്വേഷണ സമിതി കണ്ടെത്തിയത്. ഇത് മറികടന്നാണ് ഡീനിനെയും അസി. വാർഡനെയും തിരിച്ചെടുക്കാൻ മാനേജിങ് കൗൺസിൽ നീക്കം നടത്തിയത്. റിപ്പോർട്ട് പരിഗണിച്ച സർവകലാശാല മാനേജിങ് കൗൺസിൽ ഭൂരിപക്ഷ അഭിപ്രായം പരിഗണിച്ച് യാതൊരു നടപടികളും കൂടാതെ രണ്ടുപേരെയും തിരികെ സർവീസിൽ പ്രവേശിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.
മുൻ ഡീൻ എം.കെ. നാരായണൻ, മുൻ അസി.വാർഡൻ കാന്തനാഥൻ എന്നിവരെയാണ് സർവീസിൽ തിരിച്ചെടുത്തത്. ആറുമാസത്തെ സസ്‌പെൻഷൻ കാലാവധി പൂർത്തിയായ സാഹചര്യത്തിലാണ് ഇരുവരും സർവീസിൽ തിരികെ കയറിയത്.
കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലാണ് ഇരുവരെയും സർവീസിൽ തിരിച്ചെടുക്കാൻ തീരുമാനമായത്. ചാൻസലറുടെ റിപ്പോർട്ടിന്മേൽ തുടർനടപടി സ്വീകരിക്കരുത് എന്ന ആവശ്യവുമായി ഡോ.കാന്തനാഥൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
Discussion about this post